തിരുവനന്തപുരം: ആരോപണങ്ങളെ ഭയന്ന് വികസന പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടില്ലാത്തവർക്ക് വാസസ്ഥലം ഒരുക്കി നൽകാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് പ്രവർത്തിക്കുന്നത്. നേട്ടങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവർ ഇതിനെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ശ്രമിക്കുകയാണ്. പുതിയ ഭവനസമുച്ചയങ്ങൾ പൂർത്തിയാകുമ്പോൾ 1285 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും. വീടില്ലാത്ത ആരുമുണ്ടാകരുത് എന്ന് കരുതിയാണ് ലൈഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നത്. വിവിധ ജില്ലകളിൽ 101 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |