തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സൈസ് പിടികൂടിയത് 1,707 കിലോ കഞ്ചാവ്. എക്സൈസ് കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ഏറ്റവുമധികം കഞ്ചാവ് ഇക്കാലയളവിൽ പിടികൂടിയത്. 950 കിലോ കഞ്ചാവും ആഡംബര കാറുകളുൾപ്പെടെ ഡസൻ കണക്കിന് വാഹനങ്ങളുമാണ് ഇവരുടെ പിടിയിലായത്. കൊവിഡ് ഭീതിയിൽ വാഹന പരിശോധനയിലെ ഇളവുകൾ മുതലെടുത്താണ് കിലോകണക്കിന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സംസ്ഥാനത്തേക്ക് ഒഴുക്കുന്നത്. അതിർത്തിയിൽ യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ പൂർണ്ണമായി പരിശോധിയ്ക്കുന്നതിനുള്ള സാഹചര്യമില്ല. വാഹനങ്ങളിലെ സൂക്ഷ്മമായ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ജി.എസ്.ടി. വന്നതോടെ ചെക്ക്പോസ്റ്റുകളിൽ നീരീക്ഷണം കുറഞ്ഞതും ലഹരിമാഫിയാ സംഘങ്ങൾക്ക് തുണയായിട്ടുണ്ട്.
കഞ്ചാവിന് പുറമേ ബ്രൗൺഷുഗർ, എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ ലഹരിവസ്തുക്കളും ചെക്ക്പോസ്റ്റുകൾ വഴി യഥേഷ്ടം കടത്തുന്നുണ്ട്. ചരക്ക് വാഹനങ്ങളിൽ സാധനങ്ങൾക്കിടയിലും വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ച് അതിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്ത്. മത്സ്യബന്ധന ബോട്ടുകളുടെ മറവിൽ കടൽമാർഗവും ലഹരി എത്തുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. മണൽ, ഇഷ്ടിക, കച്ചി എന്നിവ കയറ്റിവരുന്ന ചില ലോറികളിലും ലഹരി ഒളിപ്പിക്കാറുണ്ട്. സംശയം തോന്നിയാലും സാധനങ്ങൾ പുറത്തിറക്കി പരിശോധിക്കുക ദുഷ്കരമായതിനാൽ അത്തരം സാഹസങ്ങൾക്ക് അധികൃതർ മെനക്കടാറില്ല.
ഒഡീഷയും ആന്ധ്രയും ഉറവിടം
കേരളത്തിൽ പിടികൂടിയ കഞ്ചാവിന്റെ ഉറവിടം ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളാണെന്നാണ് പല കേസുകളിലും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും ഒളിത്താവളങ്ങളാണ് കഞ്ചാവ് കൃഷിയുടെ കേന്ദ്രങ്ങൾ. തീവ്രവാദ സംഘങ്ങളെ ഭയന്ന് പൊലീസ് കടന്നുചെല്ലാത്ത ഇവിടെ ഹെക്ടറുകണക്കിന് സ്ഥലത്താണ് കൃഷി. ഇത്തവണ ലോക്ക്ഡൗണിന് മുമ്പ് മൂപ്പെത്തിയ കഞ്ചാവ് വിൽപ്പന നടത്താനാകാതെ കൃഷിസ്ഥലങ്ങളിൽതന്നെ ടാർപോളിനിട്ട് മൂടി സൂക്ഷിക്കുകയായിരുന്നു. ഘട്ടംഘട്ടമായി അൺലോക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ട്രെയിൻ സർവീസുകളും അന്തർസംസ്ഥാന പൊതുഗതാഗത സംവിധാനവും ആരംഭിക്കാതിരുന്നതിനാൽ കടത്ത് നടന്നില്ല. ആന്ധ്രയിൽ നിന്നുള്ള ചരക്ക് വാഹനങ്ങളുടെ മറവിൽ കഞ്ചാവ് കടത്ത് വർദ്ധിച്ചതോടെ വാഹനങ്ങളിൽ പരിശോധന കർശനമാക്കി. എക്സൈസിന്റെയും പൊലീസിന്റെയും നീക്കം മണത്തറിഞ്ഞ കഞ്ചാവ് ലോബി ആന്ധ്രയിൽനിന്ന് ചെന്നൈ, ബംഗളുരു നഗരങ്ങളിൽ കഞ്ചാവെത്തിച്ച് അവിടെ നിന്ന് കർണാടക, തമിഴ്നാട് വാഹനങ്ങളിൽ കടത്ത് തുടങ്ങി. ഇക്കാര്യം മണത്തറിഞ്ഞ എക്സൈസ് സംഘം സംശയമുള്ള മുഴുവൻ വാഹനങ്ങളേയും സംശയമുള്ളവരെ നിരീക്ഷണത്തിലാക്കിയുമാണ് ക്വിന്റൽ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |