ചെന്നൈ: ഇന്ത്യൻ സിനിമാലോകത്തെ മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബിംഗ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എസ്.പി.ബിയുടെ മരണം ഉച്ചയ്‌ക്ക് 1.04ഓടെയാണ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ എസ്.ബി ചരണാണ് മരണവിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഓഗസ്‌റ്റ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉൾപ്പടെയുളളവർ അന്ത്യസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളിൽ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വൻ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതർ നിയന്ത്രിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യൻ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാർത്ഥനകളിലായിരുന്നു. കമൽഹാസൻ ഉൾപ്പടെയുളളവർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. നേരിയ കൊവിഡ് ലക്ഷണങ്ങളോടെയാണ് ഓഗസ്റ്റ് അഞ്ചിന് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു.
ഓഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്‌തു. പ്ലാസ്‌മ തെറാപ്പിക്കും അദ്ദേഹത്തെ വിധേയനാക്കി. സെപ്‌തംബർ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയില്ല. പിന്നീട് എസ്.പി.ബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്‌തംബർ 19ന് അദ്ദേഹത്തിന്റെ മകൻ എസ്.ബി ചരൺ അറിയിച്ചിരുന്നു. അദ്ദേഹം സാധാരണഗതിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ വ്യക്തമാക്കി.
എസ്.പി.ബി അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരൺ അടുത്തിടെ അറിയിച്ചിരുന്നു. ഒടുവിൽ എല്ലാ പ്രാർത്ഥനകളേയും വിഫലമാക്കി ആരാധകരെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിടവാങ്ങൽ വാർത്തയാണ്.
1946 ജൂണ്‍ 4ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്‌മണ്യം ജനിച്ചത്.
ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളിൽ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആർ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. അദ്ദേഹം ആദ്യമായി മലയാളത്തിൽ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടൽപ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആർ.ഡി.ബർമൻ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദറിന്റെ മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും എസ്.പി.ബിക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |