അഴീക്കൽ, ആലപ്പാട് മേഖലകളിൽ തീവ്രവ്യാപനം
കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അഴീക്കൽ മുതൽ പരവൂർ വരെയുള്ള ജില്ലയുടെ തീരദേശമേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നു. ജില്ലയുടെ വടക്കേയറ്റത്തുള്ള ആലപ്പാട്, അഴീക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുത്തനെ ഉയരുകയാണ്. ആലപ്പാട് പഞ്ചായത്തിൽ 58 പേർക്കാണ് കഴിഞ്ഞദിവസം മാത്രം കൊവിഡ് പോസിറ്റീവായത്. ആലപ്പാട്ടെ പറയകടവ്, കൊച്ചോച്ചിറ വാർഡുകളൊഴികെ മറ്രെല്ലാ വാർഡുകളിലും രോഗം തീവ്രമായി വ്യാപിക്കുകയാണ്. ആലപ്പാട് പഞ്ചായത്ത് നിലവിൽ കണ്ടെയ്ൻമെന്റ് സോണാണ്. ആലപ്പാട് മൊബൈൽ ലാബിന്റെ സഹായത്തോടെ പരമാവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പ്രദേശത്ത് പൊലീസ് പരിശോധനയും ശക്തമാണ്.
വ്യാപനത്തിന് കാരണം ജനസാന്ദ്രതയും മത്സ്യബന്ധനവും
അടുപ്പുകൂട്ടിയതുപോലെ അടുത്തടുത്ത വീടുകളിൽ തിങ്ങി ഞെരുങ്ങിയാണ് പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളികളുടെ താമസം. ലോക്ക് ഡൗണും ട്രോളിംഗ് നിരോധനവും കാലവർഷവും സമ്മാനിച്ച കെടുതികളിൽ നിന്ന് കരകയറാനാകാതെ കഷ്ടപ്പെടുന്ന ഇവർ അൺലോക്ക് നടപടികൾ ആരംഭിച്ചതോടെയാണ് മത്സ്യബന്ധനം പുനരാരംഭിച്ചത്. പല സ്ഥലങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളിലും വള്ളങ്ങളിലും പണിക്ക് പോകുന്നത്. മത്സ്യബന്ധനത്തിനിടെ കടലിൽ സാമൂഹ്യ അകലം പാലിക്കലൊന്നും പലപ്പോഴും നടക്കാറില്ല.
തൊഴിലാളികളിൽ ആർക്കെങ്കിലും കൊവിഡ് പോസിറ്റീവായാൽ മറ്റുള്ളവരിലേക്ക് വളരെ വേഗത്തിൽ രോഗം വ്യാപിക്കും. സ്ഥിരമായി ഒരു ബോട്ടിൽ ജോലിക്ക് പോകുന്നവർ വിരളമാണ്. പല ബോട്ടുകളിൽ ജോലിക്ക് പോകുന്ന ഇവർ ജില്ലയിലെ എല്ലാ ഹാർബറുകളിലും എത്തിച്ചേരും. ഇത്തരം യാത്രകളാണ് തീരദേശമേഖലയിൽ രോഗം വ്യാപിക്കാനുള്ള കാരണം. ഹാർബറുകളിൽ നിന്ന് മത്സ്യക്കച്ചവടക്കാരിലേക്കും അവരിൽ നിന്ന് പൊതുജനങ്ങളിലേക്കും രോഗം പടരുന്ന സ്ഥിതിയുണ്ടായാൽ തിരുവനന്തപുരത്തെ കുമരിച്ചന്തയിലെ മത്സ്യമാർക്കറ്റിലുണ്ടായ അനുഭവം ഇവടെയും ആവർത്തിച്ചേക്കാം. അതീവ ജാഗ്രത പാലിക്കുകയാണ് ഏകപോംവഴി.
തീരദേശത്ത് രോഗവ്യാപനം തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും രണ്ട് മൊബൈൽ ലാബുകളുടെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. ഒരു ദിവസം ശരാശരി 250ലേറെ സാമ്പിളുകൾ തീരദേശത്ത് നിന്ന് പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. ഒന്നിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പതിനഞ്ച് വീടുകളടങ്ങിയ ക്ളസ്റ്ററുകൾ രൂപീകരിച്ച് ക്ളസ്റ്റർ മോണിട്ടറിംഗ് ഓഫീസർമാരെ നിയോഗിക്കുകയാണ്.
ഡോ. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ,കൊല്ലം.
അതീവ ജാഗ്രത പുലർത്തണം
പന്മന, ചവറ, മയ്യനാട് പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷൻ, പരവൂർ മുനിസിപ്പാലിറ്റി ഏരിയകളിലും കൊവിഡിന് നേരിയ ശമനമുണ്ടെങ്കിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പന്മന പഞ്ചായത്തിലെ പൊന്മന, ചവറ പഞ്ചായത്തിലെ കോവിൽതോത്തോട്ടം, തട്ടാശേരി, ചെറുശേരിഭാഗം, നീണ്ടകര പഞ്ചായത്തിലെ പുത്തൻതുറ, ഫൗണ്ടേഷൻ, നീണ്ടകര ഭാഗങ്ങളിലെല്ലാം നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ചവറ, നീണ്ടകര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |