തൊഴിലുറപ്പ് തൊഴിലാളികൾ പറമ്പു പണിയിൽ
തൃക്കരിപ്പൂർ: കൊയ്യാൻ തൊഴിലാളികളെ കിട്ടാതെ നെൽക്കതിരുകൾ ചെളിവെള്ളത്തിൽ നശിക്കുമ്പോൾ പാടത്തിറങ്ങി ഫുട്ബാൾ കൂട്ടായ്മയും പൂരക്കളി പണിക്കന്മാരും മാതൃകയാകുന്നു. ഇതിനിടയിൽ തൊഴിലുറപ്പു തൊഴിലാളികളാകട്ടെ പറമ്പുകളിലെ വിവിധ പണിയിലും.
കാര്യഗൗരവമനുസരിച്ച് ഓരോ സമയങ്ങളിലെ തൊഴിലുകൾക്കനുസരിച്ച് തൊഴിലാളികളെ നിയോഗിക്കേണ്ടതിന് പകരം, പദ്ധതി തുടങ്ങിയ കാലം മുതലുള്ള അശാസ്ത്രീയ രീതിക്കെതിരെ പരക്കെ പ്രതിഷേധം ഉയരുകയാണ്.
ദിവസങ്ങളോളമായി വെള്ളത്തിൽ കിടക്കുന്ന നെല്ലുകൾ മുളച്ചുപൊങ്ങാൻ തുടങ്ങിയതോടെ കർഷകരുടെ നെഞ്ചിടിപ്പ് ഉയരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് കൊയ്യാറായ വയലുകളെ വെള്ളത്തിൽ മുക്കിയത്.
ചെറുവത്തൂർ, പിലിക്കോട്, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലെ നൂറുകണക്കിന് ഏക്കർ നെൽവയലുകളിലെയും സ്ഥിതി കണ്ട് കർഷകർ കണ്ണീർ വാർക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ വെള്ളത്തിൽ പൂണ്ടു കിടക്കുന്ന കതിർമണികൾ കരക്കെത്തിച്ചില്ലെങ്കിൽ ഒരു തരി നെല്ലു പോലും കർഷകന്റെ മുറ്റത്തെത്താൻ ഇടയില്ലായെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം കൃഷിക്കാർ.
ചില സ്ഥലങ്ങളിൽ കർഷകർ കുടുംബത്തോടൊപ്പം വയലിലിറങ്ങി കഴിയാവുന്നത്ര കതിരുകൾ കൊയ്തെടുക്കാൻ ശ്രമിക്കുകയാണ്. എടാട്ടുമ്മലിലെ ഫുട്ബാൾ കൂട്ടായ്മ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരേക്കർ വയലിൽ കൃഷിയിറക്കിയിരുന്നു. എന്നാൽ കൊയ്യാൻ അളെ കിട്ടാതായതോടെ ഈ കൂട്ടായ്മ നേരിട്ട് വയലിലിറങ്ങി ചെളിവെള്ളത്തിൽ നിന്നും കതിരുകൾ വേർതിരിച്ചെടുത്ത് വയൽ വരമ്പത്ത് ഉണങ്ങാനിട്ടിരിക്കയാണ്. കോച്ച് പി. കുഞ്ഞികൃഷ്ണൻ, കെൽട്രോൺ ഗോൾകീപ്പർ സി. തമ്പാൻ പൂരക്കളി പണിക്കരായ തുളുവൻ ദാമോദരൻ പണിക്കർ, കളിക്കാരായ പി.രാജൻ, എം.നാരായണൻ എന്നിവരാണ് കൊയ്ത്തിനിറങ്ങിയത്
തൃക്കരിപ്പൂർ പഞ്ചായത്തിലെ നെൽ വയലുകൾ കൊയ്യാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ടെന്ന് കർഷകരിൽ നിന്നും പരാതിയുണ്ട്. അതു കൊണ്ട് നെല്ല്കൊയ്യാൻ തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി കർഷകർ പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്.
വി.പി.ഫൗസിയ, പ്രസിഡന്റ്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്.