വാഷിംഗ്ടൺ: ഒടുവിൽ ക്രിസ് പൈൻക്സ് ആറ്റുനോറ്റിരുന്ന ആ സുദിനമെത്തി. തന്റെ പ്രിയപ്പെട്ട കാമുകിയെ ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ വച്ച് പ്രൊപ്പോസ് ചെയ്യുന്ന നിമിഷം.
അങ്ങനെ ക്രിസും കാമുകിയും പാലത്തിലെത്തി. ആ നിമിഷം പകർത്താൻ
ഫോട്ടോഗ്രാഫറെയും ഏർപ്പെടുത്തിയിരുന്നു. പാലത്തിന്റെ നടുക്കെത്തിയപ്പോൾ ക്രിസ് നാടകീയമായി മുട്ടുകുത്തി. ഉടൻ ക്രിസിന്റെയും കാമുകിയുടെയും ആ മനോഹര നിമിഷം കാമറയിൽ ഒപ്പിയെടുക്കാൻ ഓടിയെത്തിയ ഫോട്ടോഗ്രാഫർ പക്ഷേ, പാലത്തിലൂടെ വന്ന ഒരു സൈക്കിളിസ്റ്റുമായി കൂട്ടിയിടിച്ച് മൂക്കും കുത്തി വീണു.
അപ്രതീക്ഷിതമായി സൈക്കിൾ പാതയിൽ നിന്ന ഫോട്ടോഗ്രാഫറെ സൈക്കിളിസ്റ്റ് കണ്ടതുമില്ല. എന്നാൽ, സംഭവം നടക്കുമ്പോൾ ക്രിസ് മുട്ടിന്മേൽ തന്നെയാണ്. കാമുകിക്ക് ചിരി സഹിക്കാനും കഴിയുന്നില്ല. മറിഞ്ഞു വീണ സൈക്കിളിസ്റ്റിനോട് "തങ്ങൾക്ക് കുഴപ്പൊന്നുമില്ലല്ലോ" എന്നും ഫോട്ടോഗ്രാഫർക്ക് "പരിക്ക് പറ്റിയിട്ടില്ലല്ലോ" എന്നും നിന്ന നിൽപ്പിൽ തന്നെ ക്രിസ് ചോദിക്കുന്നുമുണ്ട്.
ക്രിസിന്റെ മറുഭാഗത്തായി മറ്റൊരു സുഹൃത്ത് ഈ സംഭവമെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. "ഒരിക്കലും മറക്കാനാകാത്ത വിവാഹാഭ്യർത്ഥന ദിവസം നിങ്ങൾക്ക് വേണോ? എങ്കിൽ ബ്രൂക്ക്ലിൻ പാലത്തിലേക്ക് പോകൂ" എന്ന കുറിപ്പോടെ ക്രിസ് തന്നെയാണ് സുഹൃത്ത് പകർത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്തു തന്നെയായാലും, കാമുകി തന്നോട് യെസ് പറഞ്ഞ സന്തോഷത്തിലാണ് ക്രിസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |