ന്യൂഡൽഹി: വിവാദ കർഷക ബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക പ്രതിഷേധം തുടരുന്നു. പഞ്ചാബിൽ വ്യാഴാഴ്ച ആരംഭിച്ച മൂന്ന് ദിവസം നീണ്ട ട്രെയിൻ തടയൽ സമരം ചൊവ്വാഴ്ച വരെ നീട്ടി. 31 കർഷക സംഘടനകൾ അടങ്ങിയ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് ഫിറോസ്പൂർ റെയിൽവേ ഡിവിഷൻ 28 പാസഞ്ചർ ട്രെയിനുകൾ സർവീസ് നിറുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രധാന ദേശീയ പാതകൾ ഉപരോധിച്ചു. കർഷകർക്കൊപ്പം സ്ത്രീകളും, വിദ്യാർത്ഥികളും വ്യാപാരികളും കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു. ഹരിയാനയിൽ പ്രതിഷേധം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചതോടെ ഡൽഹി അതിർത്തിയിൽ വലിയ തോതിൽ സുരക്ഷ വർദ്ധിപ്പിച്ചു. ഉത്തർപ്രദേശ് പ്രയാഗ് രാജിൽ കർഷകർ റോഡ് ഉപരോധിച്ചു.ബീഹാറിൽ പ്രതിഷേധ റാലി നടത്തിയ ആർ.ജെ.ഡി നേതാവ് ത്വേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് , ജെ.എ.പി നേതാവ് പപ്പു യാദവ് എന്നിവർക്കെതിരെയും മറ്റ് 150പേർക്കെതിരെയും പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ റാലി നടത്തിയതിനും കൊവിഡ് മാനദണ്ഡം ലംഘിച്ചതിനുമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |