ന്യൂഡൽഹി: ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത്‌രത്‌ന ലഭിക്കാൻ രാജ്യത്ത് ഏറ്റവും അർഹനായ വ്യക്തിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗെന്ന് രാജ്യസഭാ എം.പിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ഇന്നലെ 88-ാം പിറന്നാൾ ആഘോഷിച്ച മൻമോഹനുള്ള ആശംസയിലാണ് ചിദംബരം അഭിപ്രായം പറഞ്ഞത്.
ചെറിയ ചുറ്റുപാടിൽ നിന്ന് വിദ്യാഭ്യാസം എന്ന ഏകായുധമുപയോഗിച്ച് കഠിനാദ്ധ്വാനത്തിലൂടെ വളർന്ന് വലിയ പദവിയിലെത്തിയ മൻമോഹൻസിംഗ് ഒരു മാതൃകയാണ്. പൊതുജീവിതത്തിലുള്ള മറ്റാരെക്കാളും ഭാരത്‌രത്ന പുരസ്‌കാരത്തിന് അർഹനാണ് അദ്ദേഹമെന്നും ചിദംബരം പറഞ്ഞു. മൻമോഹൻസിംഗിനുള്ള ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുരാരോഗ്യ സൗഖ്യം നേർന്നു. രാഹുൽ ഗാന്ധി, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നീ പ്രമുഖ നേതാക്കളും ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |