തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗിക ചുവയുള്ള പദങ്ങൾ ഉപയോഗിച്ച് അപമാനിച്ചതിനും അധിക്ഷേപിച്ചതിനും വിജയ് പി.നായർക്കെതിരെ കേസെടുത്ത് പൊലീസ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ഇയാൾക്കെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് കേസെടുത്തത്.
സ്ത്രീകൾക്ക് മാനഹാനി വരുത്തണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക (ഐ.പി.സി 354) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് സെക്രട്ടേറിയറ്റിനു സമീപം വാടകയ്ക്ക് വീടെടുത്താണ് താമസിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിജയ് സ്ത്രീകളെ കേട്ടാലറയ്ക്കുന്ന പദങ്ങൾ ഉപയോഗിച്ചുകൊണ്ട് അപമാനിച്ചുപോന്നിരുന്നത്.
ആൾക്കാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് അവരെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലായിരുന്നു ഇയാൾ അധിക്ഷേപം നടത്തിയിരുന്നത്. അതേസമയം സ്ത്രീകളെ അധിക്ഷേപിച്ചതിന് താൻ മാപ്പ് പറഞ്ഞുവെന്നും തന്നെ ആക്രമിച്ചതിലോ കരിമഷി ദേഹത്ത് തളിച്ചതിലോ പരാതിയില്ലെന്നും വിജയ് പറഞ്ഞിട്ടുണ്ട്.
താൻ തന്റെ അഭിപ്രായം പറഞ്ഞതാണെന്നും അതിൽ അൽപ്പം 'ഫ്ലേവർ' കൂടിപ്പോയതായി മനസിലായതുകൊണ്ടാണ് ഇപ്പോൾ മാപ്പ് പറയുന്നതെന്നും ഇയാൾ പറയുന്നു.
സ്ത്രീകൾക്ക് അപമാനമുണ്ടായതായി താൻ മനസിലാക്കുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അപമാനിച്ചുവെന്ന് കാട്ടിയാണ് വെള്ളായണി സ്വദേശിയായ വിജയ് പി.നായരുടെ മേൽ ഇന്ന് വൈകിട്ട് ഭാഗ്യലക്ഷ്മിയും ദിയയും നേതൃത്വം നൽകുന്ന സ്ത്രീകളുടെ സംഘം കരിമഷി തളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |