തിരുവനന്തപുരം: ''ഞാൻ വിളിച്ചാൽ മതി, ഏത് പാട്ട് എന്തു പാട്ട് എന്നൊന്നും ബാലു ചോദിക്കില്ല, വന്ന് പാടും. ഇപ്പോൾ അവനില്ല, എന്റെ ബാലു പോയി...'' എസ്.പി.വെങ്കിടേഷിന്റെ സ്വരം ഇടറി.
ദക്ഷിണേന്ത്യൻ സിനിമയിൽ എസ്.പി.വെങ്കിടേഷ് എന്ന സംഗീത സംവിധായകന്റെ വളർച്ചയുടെ തുടക്കം മുതൽ എസ്.പി.ബാലസുബ്രഹ്മണ്യം ചങ്ങാതിയാണ്. എസ്.പി.ബിയെ കൊണ്ട് ഏറ്റവും കൂടുതൽ കന്നട ഗാനങ്ങൾ പാടിച്ചതും എസ്.പി.വെങ്കിടേഷായിരുന്നു. എസ്.പി.വി - എസ്.പി.ബി കൂട്ടുകെട്ട് എന്നായിരുന്നു അറിയിപ്പെട്ടിരുന്നത്. 'ഇരുന്നൂറ് കന്നട സിനിമകളിൽ ഞാൻ സംഗീതം നിർവഹിച്ചു. അതിലെല്ലാറ്റിലും ബാലു പാടി. കൊവിഡ് കഴിഞ്ഞിട്ട് ഒരു മലയാള സിനിമയിൽ സംഗീതം നൽകാനിരുന്നതാണ്. ബാലുവിനു വേണ്ടിയും ഒരു പാട്ടു കണ്ടു വച്ചിരുന്നു...' അദ്ദേഹം പറഞ്ഞു.
1972 മുതൽ എനിക്ക് ബാലുവിനെ അറിയാം. 1975ൽ ഞാൻ മാൻഡലിനുമായി നടക്കുന്ന കാലത്താണ് കുടുതൽ പരിചയമാകുന്നത്. 1981ൽ ആദ്യമായി കന്നട സിനിമയിൽ സംഗീത സംവിധായകനായപ്പോൾ ആദ്യ പാട്ട് ആലപിച്ചത് ബാലുവായിരുന്നു. പ്രഭാകറും അർജ്ജുനും അഭിനയിച്ച 'പ്രേമയുദ്ധ'യായിരുന്നു ചിത്രം. തമിഴിൽ 60 ചിത്രങ്ങളിൽ സംഗീതമൊരുക്കി അതിലും പാടിയത് എസ്.പി.ബിയും യേശുദാസുമായിരുന്നു. മലയാളത്തിൽ കിലുക്കത്തിലും മിന്നാരത്തിലും എന്റെ സംഗീതത്തിൽ ബാലു പാടി.
യേശുദാസിന് സംഗീതത്തിൽ ശക്തമായ അടിത്തറ ഉണ്ട്. എല്ലാ രാഗവും കീർത്തനവുമൊക്കെ അറിയാം. എസ്.പി.ബി ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ യേശുദാസിനൊപ്പം എത്തി. അതിനു പിന്നിൽ കഠിനമായ പ്രയത്നം ഉണ്ടായിരുന്നു. ശങ്കരാഭരണത്തിലെ പാട്ടുകൾ പാടുന്നതിനു മുമ്പ് മൂന്നു മാസം തുടർച്ചയായി പരിശീലിച്ചു. അത്രയും പ്രതിഭാലിയായ ഗായകനായിരുന്നു. നല്ല വ്യക്തിയും ആയിരുന്നു. എല്ലാപേരോടും ചിരിച്ചു സംസാരിച്ചു. കോപമേ വരില്ല''- എസ്.പി.വി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |