തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ കേരളകൗമുദി ഒരുക്കിയ 'എന്റെ കൗമുദി' പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഇന്റർനാഷണൽ 3211ന്റെ സഹകരണത്തോടെയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പത്രം എത്തിക്കുന്നത്.
പുതിയ തലമുറയിൽ ഗൗരവകരമായ വായന കുറയുകയാണെന്നും അവരെ വായനയിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഓരോ പ്രവർത്തനവും പ്രശംസനീയമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുട്ടികളിലെ പത്ര സാക്ഷരതയ്ക്ക് റോട്ടറി ക്ലബ് എടുക്കുന്ന താത്പര്യത്തെ അഭിനന്ദിക്കുന്നു.
അയിര ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ശ്രീക്കുട്ടി, ശ്രീക്കുട്ടൻ എന്നിവരെ ഫോണിൽ വിളിച്ചാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ദിവസവും പത്രം വായിക്കണമെന്നും കുറിപ്പുകൾ എഴുതി സൂക്ഷിക്കണമെന്നും മന്ത്രി കുട്ടികളോടു നിർദേശിച്ചു. റോട്ടറി ക്ലബ് ട്രാവൻകൂറാണ് ഇവർക്കുള്ള പത്രം സ്പോൺസർ ചെയ്തത്.
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനായിരുന്നു. റോട്ടറി ക്ലബ് ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവനിക്കുന്നേൽ മുഖ്യാതിഥിയായി. ലിറ്ററസി പ്രോഗ്രാം ചെയർമാൻ ലാൽജി സഹദേവൻ, റോട്ടറി ക്ലബ് ട്രിവാൻഡ്രം സൗത്ത് അസി.ഗവർണർ ജെയിംസ് വർഗീസ്, കഴക്കൂട്ടം അസി.ഗവർണർ പ്രദീപ്കുമാർ, കോവളം റോട്ടറി ക്ലബ് പ്രസിഡന്റ് ജോജു സാമുവൽ, സീ കോസ്റ്റ് ക്ലബ് പ്രസിഡന്റ് അമരസിംഹൻ, ജേക്കബ് സെബാസ്റ്റ്യൻ, കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, അസി.സർക്കുലേഷൻ മാനേജർ കല എസ്.ഡി.കേരളകൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എസ് സാബു, യൂണിറ്റ് സർക്കുലേഷൻ മാനേജർ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |