തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാന ആശുപത്രിയായ തിരുവനന്തപുരം ആയുർവേദ കോളേജിൽ രോഗികളുടെ തിരക്കേറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സാമൂഹിക അകലം ഉറപ്പാക്കാൻ സാധിക്കാതായതോടെ ജീവനക്കാരും വലയുകയാണ്. ദിവസവും ആയിരത്തോളം രോഗികളാണ് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ള രോഗികളും ഇവിടെ എത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്തവിധം ആശുപത്രിയിലെ തിരക്ക് ക്രമാതീതമായി കൂടിയത്. ഗർഭിണികളും കുട്ടികളും വയോജനങ്ങളുമെല്ലാം എത്തുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് രോഗബാധ വർദ്ധിക്കുന്നതിന് കാരണമാകുമെന്നും അധികൃതർക്ക് ആശങ്കയുണ്ട്.
ജീവനക്കാരും കുറവ്
ആദ്യഘട്ടത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരുമായി സമ്പർക്കത്തിലുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാൽ സമ്പർക്കപ്പട്ടികയിൽ ഇല്ലാത്തവരടക്കം 30പേരാണ് അന്ന് നിരീക്ഷണത്തിൽ പോയത്. ക്വാറന്റൈൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം വന്നതോടെയാണ് പലരും മടങ്ങിയെത്താൻ തയ്യാറായത്. ഇത്തരത്തിൽ ജീവനക്കാരുടെ കുറവും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനുള്ള പ്രധാന കാരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |