കോഴിക്കോട്: ഈസ്റ്റ്ഹിൽ കൊവിഡ് സെന്ററിൽ നിന്ന് ചാടിയ മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാൻ പൊലീസ് പിടിയിലായി. 20ന് രാത്രിയിൽ തടവുചാടിയ ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. നിരവധി വാഹന മോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും പ്രതിയായ ഇയാൾ മുക്കത്തെ മുത്തേരിയിൽ 65 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയവെയാണ് കൊവിഡ് സെന്ററിൽ നിന്ന് ചാടി പോയത്. പുതിയങ്ങാടി റെയിൽവേ ലൈനിനടുത്ത് നിന്ന് ബുള്ളറ്റ് മോഷണം പോയതറിഞ്ഞ പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാവ് മുജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ നിന്നും പഴയ കൂട്ടുപ്രതികളെ നിരീക്ഷിച്ചതിൽ നിന്നുമാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മുജീബിന്റെ ഭാര്യ ഭക്ഷണ പൊതികളുമായി പുറത്ത് പോയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കതിരൂരിലുള്ള കുന്നിൻ മുകളിലെ കാട്ടിൽ പൊലീസ് എത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് അസി.കമ്മീഷണർ അഷ്റഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് പൊലീസ് ഇൻസ്‌പെക്ടർ ബിശ്വാസ്, സബ് ഇൻസ്‌പെക്ടർമാരായ കൈലാസ് നാഥ്, സിജിത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പ്രശാന്ത്, മുഹമ്മദ് ഷാഫി, ശ്രീജിത്ത്, സഹീർ, സുമേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |