സി.സി ടി.വി കാമറകൾ പിന്തുടർന്ന് പ്രതിയിലേക്കെത്തി
കൊല്ലം: കരിക്കോട്ടെ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച ബിരുദ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി ആദർശാണ് (20) പിടിയിലായത്. 21ന് രാത്രി പതിനൊന്നോടെയാണ് കരിക്കോട്ടെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടന്നത്. ആദർശിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അവർക്കായി അന്വേഷണം തുടങ്ങി. എ.ടി.എം ലോക്കർ തകർക്കാൻ കഴിയാത്തതിനാലാണ് ഇവർ മോഷണ ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്.
21ന് രാത്രിയിൽ കുണ്ടറ മുക്കട വഴി കരിക്കോട് എത്തിയ പ്രതികൾ ജംഗ്ഷനിൽ ആളൊഴിയുന്നത് വരെ കാത്തിരുന്നു. തുടർന്ന് ഹെൽമെറ്റും കൂളിംഗ് ഗ്ലാസും റെയിൻകോട്ടും ധരിച്ച് എ.ടി.എമ്മിനടുത്തെത്തി. മുന്നിലുള്ള കാമറ നശിപ്പിച്ച ശേഷം ഒരാൾ അകത്ത് കടന്ന് സ്‌നോസ് സ്‌പ്രേയിലെ ഫോം സ്‌പ്രേ ചെയ്ത് അകത്തെ കാമറ മറച്ചു. പിന്നീട് കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എ.ടി.എമ്മിന്റെ മുൻവശം തകർത്തു. പക്ഷേ ലോക്കർ തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടെ എ.ടി.എമ്മിനടുത്തേക്ക് വന്ന കാർ കണ്ട് പ്രതികൾ ശ്രമം ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം കുണ്ടറ മുതൽ കൊല്ലം വരെയുള്ള ദേശീയപാതയിലെ സി.സി ടി.വി കാമറകൾ പൂർണമായി പരിശോധിച്ചു. ഇവരിൽ സംശയം തോന്നിയ 20 പേരെ കണ്ടെത്തി ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് അന്വേഷണം ആദർശിലേക്ക് കേന്ദ്രീകരിച്ചത്. നല്ലിലയിലെ വീട്ടിൽ നിന്നാണ് കണ്ണനല്ലൂർ സി.ഐ യു.പി. വിപിൻ കുമാർ, കിളികൊല്ലൂർ സി.ഐ വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആദർശിനെ അറസ്റ്റ് ചെയ്തത്. ആഡംബര ജീവിത്തിന് വേണ്ടി പണം സമ്പാദിക്കുകയായിരുന്നു മോഷണ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാറും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |