കയ്പമംഗലം: ദുർബലമായ ഹൃദയമാണ് ആദ്യം കയ്പമംഗലം ചക്കാലയ്ക്കൽ മധുവിനോട് (49) കലഹിച്ചത്. കലഹിച്ച ഹൃദയവും കൊണ്ട് പ്രകൃതിയോട് ഇണങ്ങി കൃഷി ചെയ്യാനായി മധു ഇറങ്ങിത്തിരിച്ചു. ആൻജിയോപ്ളാസ്റ്റി കഴിഞ്ഞിട്ടും ദുർബലമായ ആ ഹൃദയത്തിന്റെ പാതിയിൽ നിറയെ കൃഷിയാണ്. ഹൃദയം മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ വിധിയെ വെല്ലുവിളിച്ച് ആ ഹൃദയമിന്നും നന്നായി മിടിക്കുന്നു. സംഭവം ഇങ്ങനെ :
നിറുത്താതെയുളള ചുമയും ശ്വാസംമുട്ടലും കൊണ്ടാണ് എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ മധു ചികിത്സ തേടിപ്പോകുന്നത്. അവിടെ നടത്തിയ പരിശോധനകളിൽ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിൽ താഴെയായെന്നും, ഹൃദയം മാറ്റി വയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. 2015 നവംബറിലാണ് ഇടിത്തീപോലെ ആ സംഭവം ഭാര്യയും മകനും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന മധുവിന്റെ കുടുംബത്തിന്റെ താളം തെറ്റിച്ചത്. ഹൃദയം മാറ്റി വയ്ക്കലിനോട് മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്ത മധു ഹൃദയം മാറ്റി വയ്‌ക്കേണ്ടെന്നും മരിക്കുമെങ്കിൽ സ്വന്തം ഹൃദയവുമായി മരിക്കാമെന്നും തീരുമാനമെടുത്തു. ചികിത്സ തുടരുന്നതിനിടയിൽ പൾമനറി എഡീമ വന്ന് വെന്റിലേറ്ററിലായി. രക്ഷപെടാൻ സാദ്ധ്യത ഇല്ലെന്ന് ബന്ധുക്കളെ അറിയിക്കുന്നതിനിടയിലാണ് അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആ സമയത്ത് ഡോക്ടർമാർ 75 ലക്ഷം രൂപ വില വരുന്ന എൽ.വി.എഡി എന്ന ഒരു ഉപകരണം വെയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ കുടുംബ സുഹൃത്തായ കാർഡിയോളജിസ്റ്റ് ഡോ. ജയചന്ദ്രൻ ഈ ഉപകരണം ശാശ്വതമായ പരിഹാരമല്ലെന്നറിയിച്ചു. തുടർന്ന് ഡോക്ടർ പ്രതാപനെക്കുറിച്ച് അദ്ദേഹം പറയുകയായിരുന്നു. തുടർന്ന് കൊല്ലം മെഡിട്രീന ആശുപത്രിയിലെത്തി 2016 ഫെബ്രുവരി 2ന് ഡോ. പ്രതാപിനെ കണ്ടു. അദ്ദേഹം ആൻജിയോപ്ലാസ്ടി ചെയ്യാമെന്ന് അറിയിച്ചു. അന്ന് ഒന്നാംഘട്ടം ആൻജിയോപ്ലാസ്ടി വിജയകരമായി പൂർത്തിയാക്കി. 2 സ്റ്റെന്റ് ഇട്ട്, രണ്ട് ദിവസത്തിന് ശേഷം രണ്ടാംഘട്ടമായി 2 സ്റ്റെന്റ് കൂടി ഇട്ടു. അതോടെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 50 ശതമാനം മുകളിലെത്തി. ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചെയർ ടു ബെഡ്, ബെഡ് ടു ചെയർ എന്ന രീതിയിൽ ജീവിക്കേണ്ടി വരുമെന്ന് എല്ലാവരും വിധിയെഴുതിയ മധു ഇന്ന് പഞ്ചായത്തിലെ അറിയപ്പെടുന്ന ജൈവ കർഷകനാണ്. എല്ലാദിവസവും പണിക്കാർക്കൊപ്പം കൃഷിയിടത്തിലെ എല്ലാ പണികളും ചെയ്യുന്നു. സ്വദേശമായ തൃശൂർ കയ്പമംഗലത്തു നിന്ന് കൊല്ലം വരെ 180 കിലോമീറ്റർ സ്വന്തമായി വാഹനം ഓടിച്ചാണ് ചെക്കപ്പിനായി ഡോക്ടറെ കാണാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |