പാലക്കാട്: വീടകങ്ങളിലും സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. കൊവിഡ് കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർദ്ധിച്ചതായി ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം 190 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിദിനം ശരാശരി ആറോളം കേസുകളുണ്ടാകുന്നുണ്ടെന്ന് വനിതാസെൽ അധികൃതർ വ്യക്തമാക്കുന്നു.
ജില്ലയിൽ ഓരോ വർഷവും ഇത്തരം കേസുകളുടെ എണ്ണം കൂടിവരുന്നുണ്ട്. 2016 മുതൽ 19 വരെയുള്ള നാലു വർഷത്തിൽ ജില്ലയിൽ ആകെ 559 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചുമുതൽ ഇന്നലെ വരെ 190 കേസും. ഇതിൽ 100 പരാതികൾ പരിഹരിച്ചുവെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ സംസ്ഥാന വ്യാപകമായി പൊലീസിന്റെയും വനിതാസെല്ലിന്റെയും നേതൃത്വത്തിൽ ബോധവത്കരണവും കൗൺസിലിംഗ് ക്ലാസുകളും നടക്കുമ്പോഴാണ് കേസുകളുടെ എണ്ണത്തിൽ വർദ്ധനയെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ബോധവത്കരണം ഓൺലൈനായി
കൊവിഡ് വ്യാപനത്തിനുശേഷം ബോധവത്കരണം വും ഓൺലൈനായാണ് നടക്കുന്നത്. ചുരുക്കം ചില കേസുകൾ മാത്രമാണ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടുപോയി പരിഹരിക്കാറുള്ളു. ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഡൊമസ്റ്റിക് കോൺഫ്ളിക്ട് റെസലൂഷൻ സെന്റർ (ഡി.സി.ആർ.സി) രൂപീകരിച്ചിരുന്നു. ഡി.സി.ആർ.സി വഴി ബോധവത്കരണ ക്ലാസുകൾ, സ്വയം പ്രതിരോധം, നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയവ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനും ഇരകൾക്ക് എത്രയും വേഗത്തിൽ ആവശ്യമായ സേവനങ്ങളും നീതിയും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ശക്തപ്പെടുത്തും.
പി.ആർ.രജനി, വനിതാസെൽ സി.ഐ, പാലക്കാട്.
വർഷം, ആകെ രജിസ്റ്റർചെയ്ത കേസുകൾ
.2016- 121
.2017- 143
.2018- 146
.2019- 149
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |