തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ 935 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 898 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവർത്തകർക്കും വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 30 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ ഒരാളും രോഗബാധിതരായിട്ടുണ്ട്. 433 പേർ രോഗമുക്തി നേടി. നിലവിൽ 10,405 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടക്കുന്നത്. രണ്ട് മരണവും സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി രവീന്ദ്രൻ (61), പേട്ട സ്വദേശി വിക്രമൻ (70) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 388 പേർ സ്ത്രീകളും 547 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,811 പേർ നിരീക്ഷണത്തിലായി. 1,980 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 99 പേർക്ക് കൊവിഡ് പരിശോധന നടത്തിയപ്പോൾ 36 പേർക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇളവുകൾ ദുരുപയോഗം ചെയ്യുന്നു: മുഖ്യമന്ത്രി
തലസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും കൊവിഡ് വ്യാപനമുണ്ടെന്നും ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ജില്ലയിൽ 1,119 പേർക്കാണ് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചത്. 15ന് വയസിന് താഴെയുള്ള 659 പേരും 60 വയസിന് മുകളിലുള്ള 924 പേരും ഇക്കാലയളവിൽ രോഗബാധിതരായതായും മുഖ്യമന്ത്രി പറഞ്ഞു.
ആകെ മരണം - 219
ആകെ രോഗബാധിതർ - 33,495
നിലവിൽ ചികിത്സയിലുള്ളവർ -10,405
രോഗമുക്തർ - 22,938
നിരീക്ഷണത്തിലുള്ളവർ - 29,100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |