കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നൽകിയ 33 പേജ് മൊഴിയുടെ പകർപ്പിനാണ് സ്വപ്‌ന അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീൽഡ് കവറിൽ നൽകിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.
അതേസമയം കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നൽകിയ മൊഴിയുടെ പകർപ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് സ്വപ്‌ന സുരേഷിന്റെ വാദം. കേസ് നടപടികൾക്കായി രഹസ്യ മൊഴിയുടെ പകർപ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്.
കേസിൽ രഹസ്യമൊഴി നൽകാൻ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ സമർപ്പിച്ച അപേക്ഷ സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. എൻ.ഐ.എ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയതിനെ തുടർന്നാണ് സി.ആർ.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്ന് കാണിച്ച് സന്ദീപ് നായർ എൻ.ഐ.എ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവൻ വിവരങ്ങളും തുറന്ന് പറയാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |