കോട്ടയം: ചെങ്ങന്നൂർ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സിൽ നിന്നും ജീവനക്കാരെ ആക്രമിച്ച് അയ്യപ്പവിഗ്രഹം മോഷ്ടിച്ചുകൊണ്ടു പോയി എന്നത് ആസൂത്രണം ചെയ്ത തിരക്കഥയാണെന്ന് പൊലീസ് കണ്ടെത്തി. ഗ്രാനൈറ്റ്സ് ഉടമകളായ ചെങ്ങന്നൂർ തട്ടവിളയിൽ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ പേരിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് എടുത്തേക്കും. ഇവരുടെ പരാതിയിൽ ആദ്യം തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് ഉടമകളെ ചോദ്യം ചെയ്തതോടെ സംശയം ബലപ്പെടുകയായിരുന്നു. അവസാനം സത്യം പുറത്തുവന്നു.
മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞിരുന്ന അയ്യപ്പ വിഗ്രഹം തൊട്ടടുത്ത കനാലിൽ നിന്നും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ദിവസവേതനത്തിന് സംഗീത് സോണി എന്നയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇയാളെ ഉടമകളിൽ ഒരാൾ മർദ്ദിച്ചു. ഇതേ തുടർന്ന് സംഗിതിന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ഞായറാഴ്ച രാത്രി എത്തി സ്ഥാപനത്തിൽ ആക്രമണം നടത്തി. ആക്രമണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർക്ക് പരിക്കേല്ക്കുകയും ചെയ്തു. കേസിന് ബലം കിട്ടാനായി അവിടെയുണ്ടായിരുന്ന അയ്യപ്പവിഗ്രഹം മാറ്റുകയായിരുന്നു. ലണ്ടനിൽ സ്ഥാപിക്കാനായിട്ടാണ് അയ്യപ്പവിഗ്രഹം നിർമ്മിച്ചതെന്നും 60 കിലോ തൂക്കമുള്ള വിഗ്രഹം പഞ്ചലോഹത്തിൽ നിർമ്മിച്ചതാണെന്നും ഇതിന് രണ്ടു കോടി രൂപ വിലയുണ്ടെന്നുമായിരുന്നു ഉടമകൾ പൊലീസിനോട് പറഞ്ഞത്.
എന്നാൽ വിഗ്രഹം കണ്ടെത്തിയതോടെ ഇതിന് രണ്ടു ലക്ഷം രൂപ പോലും വിലയില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കള്ളക്കഥ വെളിച്ചത്തായത്. 16 ഗ്രാം സ്വർണം, 30 കിലോ ചെമ്പ്, ഒരു കിലോ വെള്ളി, 10 കിലോ ഈയം എന്നിവ ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്ന് ഉടമകൾ ഇന്നലെ ചോദ്യം ചെയ്യവേ പൊലീസിനോട് വ്യക്തമാക്കി. ഇതുവച്ച് കണക്കാക്കിയാൽ പരമാവധി ഒന്നേകാൽ ലക്ഷം രൂപയേ വില വരൂവെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.
എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയാണ് ഉടമകളിലൊരാളായ മഹേഷ് പണിക്കർ. ആദ്യ അന്വേഷണത്തിൽ തന്നെ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ഡിവൈ.എസ്.പി പി.വി ബേബിക്ക് സംശയം തോന്നിയിരുന്നു. ആദ്യ മൊഴിയിൽ അക്രമസംഘത്തിൽ നൂറോളം പേരുണ്ടായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ അത് 16 ആയി കുറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണത്തിൽ 5 പേർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് വ്യക്തമായിരുന്നു. രണ്ടു കോടി രൂപയുടെ വിഗ്രഹമാണ് മോഷണം പോയതെന്നറിഞ്ഞതോടെ ഡോഗ് സ്ക്വാഡ്, വിരലടയാള വിഗദ്ധർ, സയന്റിഫിക് എക്സ്‌പർട്ട് എന്നിവരെ എത്തിച്ച് തെളിവെടുപ്പുകൾ പൊലീസ് ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |