ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ വീട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരെയും കരുതൽ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇവരെ പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാൽ അങ്ങോട്ടേക്ക് പോകാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും വാഹനങ്ങൾ പൊലീസ് തടഞ്ഞത്. അതോടെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാൽനടയായി മുന്നോട്ടു നീങ്ങി. തുടർന്നും തടയാൻ ശ്രമിച്ചതോടെ പൊലീസും രാഹുലുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അതോടെ പൊലീസ് പിൻവാങ്ങി. തുടർന്ന് കാൽനടയായി പെൺകുട്ടിയുടെ ഗ്രാമത്തിലേക്കുളള യാത്ര തുടരുന്നതിനിടെയാണ് ഇരുവരെയുംപൊലീസ് കസ്റ്റഡിയിലെടുത്ത്. ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നാണ് പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗാർഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചത്. മാദ്ധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദർശനത്തിന് തടസമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനം തടയുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതിനിടെ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയത് നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു, സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ എല്ലുകൾക്കും കാര്യമായ പൊട്ടലുണ്ട്. കഴുത്ത് ഞെരിക്കുന്നതിനിടെയാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. കഴുത്തിന് ചുറ്റും പാടുകളുമുണ്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്തും പരിക്കുണ്ട്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.
കഴിഞ്ഞദിവസമാണ് പെൺകുട്ടി മരിച്ചത്.അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ പൊലീസ് ബലംപ്രയോഗിച്ച് സംസ്കാരം നടത്തുകയായിരുന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ഇയർന്ന ജാതിയിൽപ്പെട്ട പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ മടികാണിച്ചത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യാഥ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിഷനെ നിയോഗിച്ചത്. ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |