തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എങ്ങനെ ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കാമെന്നാണ് യോഗം ചർച്ച ചെയ്യുക. രാവിലെ 11 മണിക്കാണ് യോഗം.
ഇതര സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപ്പോൾ സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് ഇവ തുറക്കാമെന്ന് കാണിച്ചുളള എക്സൈസിന്റെ ഫയൽ എക്സൈസ് മന്ത്രി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.
പ്രതിദിന രോഗികൾ പതിനായിരം കടക്കുമ്പോഴാണ് ബാറിൽ വീണ്ടും ചർച്ചയെത്തുന്നത്. സംസ്ഥാനത്ത് 602 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമാണ് ഉളളത്. ബാർ തുറന്നാൽ മദ്യം പാഴ്സൽ വിൽക്കുന്നത് നിർത്തുമെന്നായിരുന്നു സർക്കാർ ഉത്തരവ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ എക്സൈസ് മന്ത്രി, കമ്മിഷണർ, ബീവറേജസ് കോർപ്പറേഷൻ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി എന്നിവരാണ് പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |