കൊച്ചി: ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലൂടെ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ താൻ നടത്തിയ മോശം പരാമർശങ്ങളിൽ വിശദീകരണവുമായി 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു. '20ട്വന്റി' എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഇടവേള ബാബു നൽകുന്ന വിശദീകരണം.
'അമ്മ' ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ പ്രതിഷേധിച്ച് രാജിവച്ച നടിയും ഡബ്‌ള്യു.സി.സി ഭാരവാഹിയുമായ പാർവതി തിരുവോത്തിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ ആക്രമിക്കപ്പെട്ട നടിയുണ്ടാകില്ലെന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു. അവർ ഇപ്പോൾ 'അമ്മ' സംഘടനയിൽ അംഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.
നിലവിൽ അമ്മയിൽ ഉള്ളവരെ വച്ച് ചിത്രം എടുക്കേണ്ടിവരും എന്നും സംഘടനാ ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു. '20ട്വന്റി'യിൽ തന്നെ 'അമ്മ'യിലുള്ളവരിൽ തന്നെ പലരേയും അഭിനയിപ്പിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് 'അമ്മ'യിൽ നിന്നുംപാർവതി തിരുവോത്ത് രാജിവച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം അറിയിച്ചത്. 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും ഇതോടെ സംഘടനയിൽ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും നടി വിശദീകരിക്കുന്നു.ഇടവേള ബാബുവിന്റെ 'അറപ്പുളവാക്കുന്ന മനോഭാവത്തോടു തനിക്ക് പുച്ഛമാണ്' ഉള്ളതെന്നും പാർവതി വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |