തിരുവനന്തപുരം:നിയമം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങളിലെ യാത്രാക്കാർ സെക്രട്ടേറിയേറ്റ് ജീവനക്കാരാണെങ്കിൽ പിഴ പാടില്ല - ഗതാഗതമന്ത്രി എ. കെ ശശീന്ദ്രനെ മറികടന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത വ്യാഴാഴ്ച ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനു നൽകിയ കുറിപ്പിന്റെ ചുരുക്കമാണിത്.
ഗതാഗത സെക്രട്ടറി നടപടിയെടുത്തു. ഇനി സെക്രട്ടറിയറ്റിലേക്കെന്ന് പറഞ്ഞ് സ്വകാര്യവാഹനങ്ങൾക്ക് സർവീസ് നടത്താം. ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും തടയില്ല. വേണമെങ്കിൽ കെ.എസ്.ആർ.ടി.സി റൂട്ടുകളിൽ സാധാരണ യാത്രക്കാരെ കയറ്റുന്ന ട്രക്കറുകാരെ തടയാം. അവരെ പിഴിഞ്ഞ് സർക്കാരിന് മുതൽകൂട്ടാം!
ചീഫ് സെക്രട്ടറി തന്നെ മറികടന്നതിൽ മന്ത്രി എ.കെ. ശശീന്ദ്രന് അമർഷം ഉണ്ട്. അദ്ദേഹം അത് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും.
കൊവിഡ് മൂലം കെ.എസ്.ആർ.ടി.സി ബസുകൾ കുറഞ്ഞപ്പോഴാണ് സ്വകാര്യബസുകൾ സർക്കാർ ജീവനക്കാർക്കായി സർവീസ് നടത്തിയത്. ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തിയപ്പോഴും അനധികൃത സർവീസ് തുടർന്നപ്പോഴാണ് നടപടിയെടുക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചത്. അതനുസരിച്ച മോട്ടോർ വാഹന വകുപ്പിനെയാണ് ഒരു കൂട്ടം ജീവനക്കാരെ വിശ്വസിച്ച് മന്ത്രിയുടെ തലയ്‌ക്ക് മീതേ കൂടി ചീഫ് സെക്രട്ടറി വിലക്കിയത്. തൽക്കാലം സെക്രട്ടേറിയറ്റിലേക്കുള്ള സമാന്തര വാഹനങ്ങൾക്കെതിരെ നടപടി വേണ്ടെന്ന് ആർ.ടി.ഒമാർക്ക് നിർദ്ദേശവും നൽകി.
കെ.എസ്.ആർ.ടി.സിയെ മറികടന്ന് ജീവനക്കാർക്കായി സ്വകാര്യബസ് സർവീസ് നടത്താൻ സർക്കാർ അനുവദിച്ചത് ജൂൺ 24ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
നിരത്ത് കീഴടക്കി 'ഗവ ഡ്യൂട്ടി' ബസുകൾ
ചീഫ് സെക്രട്ടറിയുടെ 'നോട്ട്' വാട്സാപ്പിൽ പ്രചരിപ്പിച്ചതിന് പിന്നാലെ നിരത്തുകളിൽ 'ഗവ. ഡ്യൂട്ടി' ബോർഡ് വച്ച് സമാന്തര ബസുകൾ ഇരട്ടി സർവീസ് നടത്തി. സർക്കാർ ജീവനക്കാർ മാത്രമല്ല നിർമ്മാണ തൊഴിലാളികൾവരെ വാഹനങ്ങളിലുണ്ട്. റൂട്ട് ബസുകളെ പോലെ സ്‌റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റും. ചാർജ് വാങ്ങും. സ്റ്റോപ്പുകളിൽ ഇറക്കും. കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ എം.സി റോഡിലും, ദേശീയപാതയിലും നിരവധി സമാന്തര വാഹനങ്ങളുണ്ട്. ഹൈക്കോടതി വിധികളുടെയും ഗതാഗത നിയമങ്ങളുടെയും ലംഘനമാണിത്.
പരാതിയും നടപടിയും കള്ളക്കളികളും
♦ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് വാഹനങ്ങൾ തടഞ്ഞെന്ന പരാതിയാണ് ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിയത്.
♦ നിയമം ലംഘിച്ച വാഹനങ്ങളാണ് പിടിച്ചതെന്ന് ഗതാഗത സെക്രട്ടറി മറുപടി നൽകി.
♦ ഇൻഷ്വറൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാത്ത ബസുകൾക്കെതിരെയാണ് നടപടി. സർക്കാർ ജീവനക്കാരുടെ യാത്ര തടസപ്പെടുത്തിയില്ല
♦ സമാന്തര ബസുടമയും ജീവനക്കാരും തമ്മിലുണ്ടാക്കുന്ന ധാരണയിലാണ് അനധികൃത സർവീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |