കോട്ടയം: ജോസ് കെ. മാണി ഇടതു മുന്നണിക്ക് കൈ കൊടുത്തതിന് പിറകെ,പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി സംസ്ഥാന ഭാരവാഹിയോഗം വ്യക്തമാക്കിയതോടെ,പാലായെച്ചൊല്ലിയുള്ള കടിപിടി മുറുകി.ഇടതുമുന്നണി വിടില്ലെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ കൊച്ചിയിൽ കാപ്പൻ പങ്കെടുത്ത എൻ.സി.പി സംസ്ഥാന ഭാരവാഹികളുടെ യോഗ ശേഷം, പാലായടക്കം ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് ടി.പി .പീതാംബരൻ മാസ്റ്റർ പ്രഖ്യാപിച്ചത്.ഗുരുവായൂർ ദേവസ്വം പ്രതിനിധി ചർച്ചയായിരുന്നു യോഗത്തിലെ പ്രധാന അജൻഡയെങ്കിലും പാലാ പ്രശ്നവും കാപ്പൻ എടുത്തിട്ടു. പാലാ സീറ്റ് കാപ്പന്റെ കൈയ്യിൽ നിന്നും പിടിച്ച് വാങ്ങിയാൽ ഇടതുമുന്നണിയുടെ പാലായിലെ ജയസാദ്ധ്യതയെ അതു ബാധിക്കാം.ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തെ വിമർശിച്ച് സഹോദരി ഭർത്താവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി.ജോസഫ് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.പാലാ ഉപതിരഞ്ഞെടുപ്പിലും സീറ്റ് മോഹിച്ചിരുന്ന മാണിയുടെ മരുമകൻ ജോസിനെതിരെ പാലായിൽ മത്സരിക്കാനിറങ്ങിയാൽ ഇടതുമുന്നണിക്കു മാത്രമല്ല ,ജോസിന്റെ കുടുംബത്തിലും പ്രശ്നമാകാം.
സി.പി.എമ്മിൽ നിന്ന് പാലാ സീറ്റിൽ ഉറപ്പ് വാങ്ങിയ ശേഷമാണ് ജോസ് ഇടതു മുന്നണി പ്രവേശന തീരുമാനം പ്രഖ്യാപിച്ചത്. തങ്ങളുടെ ഹൃദയവികാരമാണ് പാലാ എന്ന് പറയുന്ന ജോസിന് പാലായിൽ ജയിക്കേണ്ടത് പ്രസ്റ്റീജാണ്. പാലാ സീറ്റ് വെട്ടിപ്പിടിച്ച കാപ്പൻ ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ നിറ സാന്നിദ്ധ്യവുമറിയിച്ചു. . സമ്മർദ്ദ തന്ത്രത്തിനൊടുവിൽ കാപ്പൻ പകരം പൂഞ്ഞാർ സ്വീകരിക്കുമെന്നാണ് സി.പി.എം പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |