ലോസ്ആഞ്ചലസ് : ഇപ്പോൾ ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19ന് കാരണക്കാരൻ SARS - CoV - 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ മിഡിൽ ഈസ്റ്റ് അക്യൂട്ട് റെസ്പിറ്റേറി സിൻഡ്രോം ( MERS ), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( SARS ) എന്നീ രോഗങ്ങളുണ്ടാക്കിയതും കൊറോണ ഇനത്തിൽപ്പെട്ട വൈറസുകളാണ്. വവ്വാലിൽ നിന്നാണ് ഈ വൈറസുകൾ മനുഷ്യനിലേക്ക് കടന്നു കൂടിയത്. ഇപ്പോഴിതാ, പന്നികളെ ബാധിക്കുന്ന ഒരിനം കൊറോണ വൈറസ് സ്ട്രെയിനിനും മനുഷ്യരിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്ന കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.
പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണൽ അക്കാഡമി ഒഫ് സയൻസസ് ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്വൈൻ അക്യൂട്ട് ഡൈയറീയ സിൻഡ്രോം ( SADS - CoV ) വൈറസ് ഛർദ്ദി, അതിസാരം എന്നിവയ്ക്ക് കാരണമാകുന്നതായും രോഗം പന്നിക്കുഞ്ഞുങ്ങളെ തീവ്രമായി ബാധിക്കുന്നതായും കണ്ടെത്തി. വൈറസ് ബാധയേറ്റാൽ അഞ്ച് ദിവസത്തിനുള്ളിൽ 90 ശതമാനം പന്നിക്കുഞ്ഞുങ്ങളും ചത്തുപോകുമെന്നാണ് കണ്ടെത്തൽ. കൊവിഡ് 19ന് കാരണക്കാരായ SARS - CoV - 2 വിന്റെ കുടുംബത്തിൽപ്പെട്ടതാണ് ഈ വൈറസും. ഹോഴ്സ്ഷൂ വവ്വാലുകളിൽ നിന്നാണ് SADS - CoV വൈറസുകൾ പന്നികളിലേക്ക് കടക്കുന്നത്.
പന്നി ഫാമുകളിൽ നിന്നും ഈ വൈറസുകൾ മനുഷ്യരിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതായി ഗവേഷകർ പറയുന്നു. ഫാമുകളിലെ ജോലിക്കാർ പന്നികളോട് വളരെ അടുത്ത് ഇടപെഴുകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പന്നിയിറച്ചി ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം ഫാമുകളിൽ ചൈനീസ് അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പന്നികൾക്കിടയിൽ ഇത്തരം വൈറസുകളുടെ വ്യാപനമുണ്ടോ എന്ന് നിരീക്ഷിക്കണം.
പന്നികളിൽ കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കാണ് ഈ വൈറസ് കാരണമാകുന്നത്. എന്നാൽ മനുഷ്യരിൽ പ്രവേശിച്ചാൽ കൊവിഡിനെ പോലെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് SADS - CoV വൈറസുകൾ കാരണമായേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ജർമനിയിൽ അടുത്തിടെ കാട്ടുപന്നികളിലും വളർത്തു പന്നികളിലും ' ആഫ്രിക്കൻ പന്നിപ്പനി ' ബാധ കണ്ടെത്തിയിരുന്നുവെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇത് മനുഷ്യർക്ക് ഹാനികരമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |