SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.51 PM IST

70 വർഷങ്ങൾക്ക് ശേഷം വധശിക്ഷ നടപ്പാക്കാൻ യു.എസ്

Increase Font Size Decrease Font Size Print Page

death-penalty

വാഷിംഗ്ടൺ: എഴുപത് വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയ്ക്ക് വധശിക്ഷ നൽകാനൊരുങ്ങുകയാണ് അമേരിക്ക. രണ്ട് പതിറ്റാണ്ടോളം വധശിക്ഷ നിറുത്തിവെച്ച അമേരിക്കൻ നീതിന്യായ വകുപ്പ് ഈ ജൂലായിൽ നടപടി പുനഃരാരംഭിച്ചതോടെയാണിത്.

2004ൽ നടന്ന ഒരു കൊലപാതകത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ലിസ മോണ്ട്ഗോമറി എന്ന 43കാരിയെ ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഡിസംബർ എട്ടിന് ഇന്ത്യാനയിലെ ഫെഡറൽ കറക്ഷണൽ കോംപ്ലക്സിൽ ഇവരെ വധശിക്ഷയ്ക്ക് വിധേയയാക്കും.

വിഷം കുത്തിവെച്ചായിരിക്കും ലിസയുടെ വധശിക്ഷ നടപ്പാക്കുകയെന്നാണ് വിവരം.

ജൂലായ് മുതൽ ഇതുവരെ ഏഴു പേർക്ക് യു.എസ് കോടതി വധശിക്ഷ വിധിച്ചതായി വാർത്താ ഏജൻസിയായ ഡി.ഡബ്ല്യൂ റിപ്പോർട്ട് ചെയ്തു. 1953ൽ ബോണി ഹെഡിയാണ് അവസാനമായി വധശിക്ഷ ലഭിച്ച വനിത.

എട്ട് മാസം ഗർഭിണിയായ ബോബി ജോ സ്റ്റിനറ്റിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് കോടതി ലിസയ്ക്ക് വധശിക്ഷ വിധിച്ചത്. കൃത്യം നടത്തിയ ശേഷം അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയുടെ വയർ പിളർന്ന് ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെയെടുത്ത് ഇവർ രക്ഷപെടുകയായിരുന്നു. കുഞ്ഞ് തന്റേതാണെന്ന ഭാവത്തിൽ രക്ഷപെടാനായിരുന്നു ലിസയുടെ പദ്ധതി. തന്റെ ഫാം ഹൗസിൽ ഒളിച്ച് താമസിക്കുകയായിരുന്ന ലിസയെ കുഞ്ഞിനോടൊപ്പം തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2007ൽ അമേരിക്കയിലെ ഒരു ജില്ലാ കോടതി ലിസയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കൊലപാതക സമയത്ത് ലിസയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു.
അതേസമയം, ലിസയുടെ വധശിക്ഷ നടപ്പാക്കില്ലെന്നും ബാലപീഡനത്തിന്റെ ഇരയായ അവർ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ടന്നുമാണ് അഭിഭാഷകയുടെ നിലപാട്.
ഡൊണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരത്തിലേറിയത് മുതലാണ് യു.എസിൽ വീണ്ടും വധശിക്ഷ പുനഃരാരംഭിച്ചത്. മൂന്ന് പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ ഡാനിയേൽ ലൂയി ലീ എന്നയാളെയായിരുന്നു ആദ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

TAGS: NEWS 360, WORLD, WORLD NEWS, PYTHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY