കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജീവിതത്തിൽ നിരവധി ദൗർഭാഗ്യങ്ങൾ നേരിട്ട സ്ത്രീയാണെന്ന് എൻഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വെളിപ്പെടുത്തി.
യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ 2017 മുതൽ സ്വപ്നയെ അറിയാം. 15 വയസു മുതൽ നിരവധി ദൗർഭാഗ്യങ്ങൾ നേരിട്ട സ്ത്രീയാണ്. മാതാപിതാക്കളും സഹോദരനുമായി പ്രശ്നമുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസിലായിരുന്നു ആദ്യവിവാഹം. ഇതിലൊരു മകളുണ്ട്. ഈ വിവാഹം ഒഴിഞ്ഞതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു.
ആരുടെയും പിന്തുണയില്ലാതെയാണ് മക്കളെ വളർത്തിയത്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്നയെ കാണുന്നത്. വ്യക്തിപരമായ തിരിച്ചടികൾക്കിടയിലും യു.എ.ഇ കോൺസുലേറ്റിലെ ജോലി ഭംഗിയായി നിർവഹിച്ചിരുന്നു. അവർക്കു മാനസിക പിന്തുണ നൽകി. സ്വപ്നയുടെ കുടുംബവുമായി അടുപ്പമുണ്ട്. 2017 മുതൽ മാസത്തിലൊരു തവണ സ്വപ്നയുടെ കുടുംബത്തെ കണ്ടിരുന്നു. അത്താഴത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്വപ്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വ്യക്തിയാണെന്നറിയാം. 25,000 മുതൽ 30,000 രൂപ വരെ കടം വാങ്ങി. രണ്ടു സംഭവങ്ങൾ എനിക്കോർമ്മയുണ്ട്. അവരുടെ അച്ഛൻ ആശുപത്രിയിലായപ്പോഴും, പിന്നീട് മരണാനന്തര ചടങ്ങുകൾക്കുമായിരുന്നു . പണം തിരിച്ചു നൽകിയിട്ടില്ല.
രാജി ദുരൂഹ ഇടപാടുകൾ പുറത്തറിയാതിരിക്കാൻ
2019 ആഗസ്റ്റിലാണ് സ്വപ്ന കോൺസുലേറ്റിലെ ജോലി രാജി വച്ചത്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, അപ്പോഴത്തെ കോൺസുൽ ജനറലിന് ചില സംശയകരമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നും, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമെന്നുമാണ്സ്വപ്ന പറഞ്ഞത്. മൂന്നു വർഷത്തെ കാലാവധി കഴിയുന്നതോടെ പുതിയ കോൺസുൽ ജനറൽ വരുമ്പോൾ, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തന്റെ വിശ്വസ്തയിൽ നിന്നറിയരുതെന്ന് കോൺസൽ ജനറലിന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, ജോലി ഉപേക്ഷിക്കാൻ പറഞ്ഞു.
രാജി വച്ചതിന് പണം നൽകി. ഇതെത്ര രൂപയാണെന്ന് ഓർമ്മയില്ല. കോൺസുലേറ്റിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ് പണം കൈമാറിയത്.
പണം സൂക്ഷിക്കാൻ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കർ തുറക്കുന്നതിന് സഹായിക്കാനാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. മൂന്നു വർഷം കഴിഞ്ഞിട്ടും കോൺസൽ ജനറൽ മാറിയില്ല.
തുടർന്നും കോൺസുലേറ്റിനു വേണ്ടി ജോലി ചെയ്യാൻ അവർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും അതിനായി പണം നൽകിയിട്ടില്ലെന്നും സ്വപ്ന പറഞ്ഞതായും ശിവശങ്കർ വെളിപ്പെടുത്തി.
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി
അറിഞ്ഞെന്ന മൊഴി ശരിയല്ല: ശിവശങ്കർ
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ സ്പെയിസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന അവരുടെ മൊഴി ശരിയല്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. സാധാരണഗതിയിൽ ഇത്തരം ചെറിയ ടേമിലെ പദ്ധതികളുടെ പോസ്റ്റിംഗ് ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറി പോലും അപൂർവമായേ അറിയാറുള്ളൂവെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |