കൊച്ചി: കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് അൺലോക്കിന്റെ ചുവടുപിടിച്ച് ഉപഭോക്തൃവിപണിയുടെ കരകയറ്റം. കർശന നിയന്ത്രണങ്ങൾ മൂലം നടപ്പുവർഷം ഏപ്രിൽ-ജൂൺപാദത്തിൽ കനത്ത തിരിച്ചടിയേറ്റ എഫ്.എം.സി.ജി (ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്) മേഖല ജൂലായ്-സെപ്‌തംബറിൽ വൻ തിരിച്ചുവരവ് നടത്തി.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നാലാമത്തെ വലിയ വിഭാഗമായ എഫ്.എം.സി.ജി മേഖലയ്ക്ക് ആരോഗ്യ, ശുചിത്വ (ഹൈജീൻ) ശ്രേണിയിലെ ഉത്‌പന്നങ്ങളുടെ മികച്ച ഡിമാൻഡാണ് കഴിഞ്ഞപാദത്തിൽ കരുത്തായത്. 2019ലെ സമാനകാലയളവിനേക്കാൾ 1.3 ശതമാനം വളർച്ച മൊത്തം ഉത്പന്ന വില്പനയിൽ ഇത്തവണ സെപ്‌തംബറിൽ പാദത്തിൽ ഉണ്ടായെന്നാണ് വിലയിരുത്തൽ. ഏപ്രിൽ-ജൂൺപാദത്തിൽ വില്പന 20.2 ശതമാനം ഇടിഞ്ഞിരുന്നു.
ഗ്രാമീണ മേഖലയിലാണ് വളർച്ച കൂടുതൽ. മുൻവർഷത്തെ വളർച്ചാനിരക്ക് 0.5 മടങ്ങ് ആയിരുന്നുവെങ്കിൽ, ഇത്തവണ അത് 1.2 മടങ്ങായി മെച്ചപ്പെട്ടു. വൈറസിനെതിരായ പ്രതിരോധ ശേഷി ഉയർത്തുന്ന ഉത്‌പന്നങ്ങളാണ് കൂടുതൽ ഉപഭോക്താക്കൾ വാങ്ങുന്നത്. പേഴ്‌സണൽ കെയർ, സ്‌കിൻ കെയർ, സൗന്ദര്യവർദ്ധക വസ്‌തുക്കൾക്ക് പഴയ ഡിമാൻഡ് കൊവിഡ് കാലത്തില്ല.
ഉത്സവകാലം
ഉണർവിന്റെ കാലം
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായോടെ ഇന്ത്യയിൽ ഉത്സവകാല സീസൺ ആരംഭിച്ചുകഴിഞ്ഞു. ഓൺലൈനിലും ഓഫ്‌ലൈനിലും ഓഫറുകൾ പെയ്യാൻ തുടങ്ങി. 80 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഓൺലൈൻ ഓഫർ സെയിലുകളിൽ ലഭിക്കുന്നത്.
2019ലെ ഓഫർ സെയിലിനേക്കാൾ 35 ശതമാനം വരെ വളർച്ച ഇക്കുറി ഇ-കൊമേഴ്‌സ് കമ്പനികൾ പ്രതീക്ഷിക്കുന്നു. ഉത്സവകാലത്ത് പ്രതിദിന വില്പന വളർച്ച അഞ്ചിരട്ടി വരെയാകുമെന്ന് ബ്രാൻഡുകളും കരുതുന്നു.
₹6,000
ഇക്കുറി ഉത്സവകാലത്ത് ഇന്ത്യയിൽ ശരാശരി ഉപഭോക്തൃച്ചെലവ് 6,000 രൂപയായിരിക്കുമെന്ന് റെഡ്സീർ കൺസൾട്ടിംഗ് ഉൾപ്പെടെയുള്ള ഗവേഷക സ്ഥാപനങ്ങൾ കണക്കാക്കുന്നു. കഴിഞ്ഞവർഷം ഇത് 7,000 രൂപയായിരുന്നു. എന്നാൽ, ഇത്തവണ ഉപഭോക്താക്കളുടെ എണ്ണമുയരുന്നതിനാൽ, ചെലവിലെ ഈ കുറവ് വിപണിയെ ബാധിക്കില്ലെന്നും അവർ പറയുന്നു.
മൊബൈലും ഫാഷനും
ഇത്തവണ ഉത്സവകാലത്ത് മൊബൈൽഫോൺ, ഇലക്‌ട്രോണിക്‌സ്, വലിയ ഗൃഹോപകരണങ്ങൾ, ഫാഷൻ, പലചരക്ക് എന്നിവയാണ് വരുമാനം വാരിക്കൂട്ടാൻ മുന്നിലുണ്ടാവുക.
ഇവ ഓരോന്നിലും ശരാശരി ഉപഭോക്തൃച്ചെലവിലെ പ്രതീക്ഷ:
മൊബൈൽ : ₹12,800
ഇലക്‌ട്രോണിക്‌സ് : ₹12,288
ഗൃഹോപകരണം : ₹14,450
ഫാഷൻ : ₹4,750
പലചരക്ക് : ₹2,600
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |