കൊച്ചി: ലേറ്റായി വന്താലും സ്‌റ്റൈലായി വരുവേൻ! ലാൻഡ് റോവറിന്റെ പുതുപുത്തൻ ഡിഫൻഡർ ഇന്ത്യൻ മണ്ണിലെത്തിക്കഴിഞ്ഞു. ആ വരവ് പ്രതീക്ഷിച്ചതിലും രണ്ടുമാസം വൈകിയെങ്കിലും ആരാധകരുടെ ആവേശം കത്തിക്കയറിയിട്ടേയുള്ളൂ.
എല്ലാ കൂട്ടുകളും ഒത്തുചേർന്ന ഒരുഗ്രൻ 'സദ്യപോലെ" സുന്ദരമാണ് പുതിയ ഡിഫൻഡർ. ഉപഭോക്താവ് എന്താഗ്രഹിക്കുന്നോ അത് ഡിഫൻഡറിലുണ്ട്. മനോഹരവും പൗരുഷം നിറഞ്ഞതും ആധുനിക ചേരുവകൾ ചേർന്നതുമായ രൂപകല്‌പന. നാലുതരം കസ്‌റ്റമൈസേഷൻ സൗകര്യങ്ങൾ. ഉന്നത നിർമ്മാണ നിലവാരം. അകത്തളത്തിൽ യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്ന അത്യാധുനിക ഫീച്ചറുകൾ. എത് നിരത്തും അനായാസം കീഴടക്കുന്ന മികച്ച പെർഫോമൻസ്.
പൊതുനിരത്തിനു ഓഫ്-റോഡിനും ഒരുപോലെ ഇണങ്ങിയ പുതിയ ഡിഫൻഡർ, ഇന്ത്യയിലെ മൂന്നാമത്തെ ഡിഫൻഡർ മോഡലാണ്. 90, 110 എന്നിങ്ങനെ രണ്ട് ബോഡി സ്‌റ്റൈലുകളാണ് പുതിയ പതിപ്പിനുള്ളത്. ഡിഫൻഡർ 110ന്റെ ബുക്കിംഗും വിതരണവും ആരംഭിച്ചു. 90ന്റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. വിതരണം 2021 ഏപ്രിൽ-ജൂൺ പാദത്തിലാണ്. ഇന്ത്യയിൽ ഹൈബ്രിഡ് പതിപ്പും പ്രതീക്ഷിക്കുന്നു.
90നും 110നും അഞ്ചുവീതം വകഭേദങ്ങളുണ്ട്. എന്നാൽ, ഇവയ്ക്കെല്ലാം ഒറ്റ എൻജിൻ മാത്രം. 2.0 ലിറ്റർ, ടർബോ-ചാർജ്ഡ്, 4-സിലിണ്ടർ പെട്രോൾ. 300 പി.എസ് ആണ് കരുത്ത്. ടോർക്ക് 400 എൻ.എം. സ്‌പോർട്ടീ സ്‌റ്റൈലുള്ള ഡിഫൻഡർ 90, ത്രീ-ഡോർ പതിപ്പാണ്. വേഴ്‌സറ്റൈൽ 110, 5-ഡോറിന്റേതും.
വലിയ വൃത്തവും രണ്ടു കുഞ്ഞൻ ചതുരങ്ങളും സംഗമിക്കുന്ന, അത്യാധുനിക ശൈലിയിൽ തീർത്ത മെട്രിക്‌സ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റാണ് മുൻഭാഗത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. സ്‌പെയർവീലും ചേർത്ത്, മനോഹരമായി പിൻഭാഗവും ഒരുക്കിയിരിക്കുന്നു. സ്ളൈഡിംഗ് പനോരമിക് സൺറൂഫ് മികച്ച പ്രകാശം അകത്തളത്തിലേക്ക് പകരുന്നു.
തികച്ചും പ്രായോഗികമായ ശൈലിയാണ് അകത്തളത്തിൽ കാണാനാവുക. 5 പ്ളസ് 2 സീറ്റിംഗ് അറേഞ്ച്‌മെന്റാണുള്ളത്. ഓപ്‌ഷണലായി മുന്നിൽ ഒരു അധിക സീറ്റുണ്ട്; ഇതിനെ ജംപ് സീറ്റ് എന്നും പറയും. 110ന്റെ ബൂട്ട് സ്‌പേസ് 231 ലിറ്ററാണ്. പിന്നിലെ സീറ്റുകൾ മടക്കിവച്ചാൽ ഇത് 2,380 ലിറ്ററായി ഉയരും.
നാവിഗേഷൻ പ്രൊയോട് കൂടിയ 10 ഇഞ്ച് ടച്ച് സ്‌ക്രീൻ, 12.3 ഇഞ്ച് ഹൈ-ഡെഫനിഷൻ ഇന്ററാക്‌ടീവ് ഡ്രൈവർ ഡിസ്‌പ്ളേ എന്നിവയോട് കൂടിയതാണ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം. 3ഡി സറൗണ്ട് കാമറ സിസ്‌റ്റം, 14 സ്‌പീക്കറുകളും ഡ്യുവൽ ചാനൽ സബ്‌വൂഫറുകളും ചേർന്ന മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്‌റ്റം, ഹീറ്റഡ്-കൂൾഡ് സീറ്റുകൾ, 10 ഓപ്ഷനുകളുള്ള പ്രീമിയം കാബിൻ ലൈറ്റിംഗ്, റൂഫ് ആന്റിനയിൽ നിന്നുള്ള ലൈവ് വീഡിയോ നൽകുന്ന ക്ളിയർസൈറ്റ് റിയർവ്യൂ മിറർ എന്നിങ്ങനെയും ധാരാളം വിശേഷങ്ങൾ ഡിഫൻഡറിനുണ്ട്. പുറകിലേക്കുള്ള കാഴ്‌ച മറയ്ക്കപ്പെട്ടാലും റിയർവ്യൂ മിറർ എല്ലാം കാട്ടിത്തരും.
₹73.98 ലക്ഷം
ഡിഫൻഡർ 90ന് 73.98 ലക്ഷം രൂപയും 110ന് 79.94 ലക്ഷം രൂപയുമാണ് വില.
ആക്‌സസറി പാക്കുകൾ
1. അഡ്വഞ്ചർ
2. എക്‌സ്‌പ്ളോറർ
3. കൺട്രി
4. അർബൻ
എതിരാളികൾ
ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ
മെഴ്‌സിഡെസ്-ബെൻസ് ജി-ക്ളാസ്
ജീപ്പ് റാംഗ്ളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |