കൊച്ചി: സ്വർണക്കടത്ത് കേസിൽ തടവിൽ കഴിയുന്ന യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിന്റെ മൊഴി പുറത്ത്. കളളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത്ത് എൻഫോഴ്സ്‌മെന്റിനോട് പറഞ്ഞു. കളളക്കടത്ത് ഇടപാടുകൾ ഈ ഗ്രൂപ്പ് വഴിയാണ് നടത്തിയത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും.
നടുവേദനയിൽ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |