ദുബായ് : സമനിലകൾക്ക് സ്ഥാനമില്ലാത്ത പുതിയ കാലത്തിന്റെ ക്രിക്കറ്റിൽ സൂപ്പർ ഓവറുകളാണ് പലപ്പോഴും വിധി നിശ്ചയിക്കുന്നത്. രണ്ട് ടീമുകളും തുല്യ സ്കോറിൽ വരുമ്പോൾ റൺറേറ്റു നോക്കി വിജയിയെ നിശ്ചിക്കുന്ന പഴയ രീതിയൊക്കെ മാറിപ്പോയി. 2007 ട്വന്റി-20 ലോകകപ്പിലെ ബൗൾ ഔട്ട് പരീക്ഷണവും കഴിഞ്ഞ ഏകദിന ലോകകപ്പിലെ ബൗണ്ടറിക്കണക്കും പഴങ്കഥയായി.
മുമ്പൊക്കെ ഒറ്റ സൂപ്പർ ഒാവർകൊണ്ട് വിജയിയെ കണ്ടെത്താനാകുമായിരുന്നെങ്കിൽ ഇപ്പോൾ സൂപ്പർ ഓവറിലും തുല്യത വന്നാൽ അടുത്ത സൂപ്പർ ഓവറിലേക്ക് നീങ്ങുന്ന സ്ഥിതിയായി.ഐ.പി.എല്ലിൽ ഒരുമത്സരത്തിൽതന്നെ രണ്ട് സൂപ്പർ ഓവറുകൾ എന്ന ചരിത്രത്തിന് ഞായറാഴ്ച നടന്ന പഞ്ചാബ് കിംഗ്സ് ഇലവനും മുംബയ് ഇന്ത്യൻസും തമ്മിലുള്ള പോരാട്ടമാണ് വേദിയായത്.
നിശ്ചിത 20 ഒാവറുകളിൽ ഇരുടീമുകളും 176/6 എന്ന സ്കോർ ഉയർത്തിയതോടെയാണ് സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചുവിക്കറ്റ് നേടിയപ്പോൾ മുംബയ് ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ചുറൺസെടുത്ത് വീണ്ടും സമനിലയാക്കി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഒരുവിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തു.ഗെയ്ലും മയാങ്ക് അഗർവാളും ചേർന്ന് നാലുപന്തുകളിൽ ഇത് മറികടന്നു.
ഞായറാഴ്ചത്തെ കൊൽക്കത്തയും ഹൈദരാബാദും തമ്മിലുള്ള മത്സരവും സൂപ്പർ ഓവറിൽ കലാശിച്ചിരുന്നു. ഇതിൽ വിജയിച്ചത് കൊൽക്കത്ത. അങ്ങനെ ഒറ്റ ദിനം മൂന്ന് തവണ സൂപ്പർഓവർ പോരാട്ടത്തിന് ആദ്യമായി ഐ.പി.എൽ സാക്ഷ്യം വഹിച്ചു.
സൂപ്പർ ഓവർ 1
പഞ്ചാബ് 5/2
1.ബുംറ എറിഞ്ഞ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ കെ.എൽ രാഹുൽ ഒരു റൺസെടുത്തു
2.രണ്ടാം പന്തിൽ നിക്കോളാസ് പുരാൻ ക്യാച്ച് നൽകി പുറത്ത്.
3.രാഹുലിന്റെ വക വീണ്ടുമൊരു സിംഗിൾ
4.ഹൂഡ സിംഗിളെടുത്തു
5.രാഹുലിന്റെ ഡബിൾ
6. രാഹുൽ എൽ.ബിയിൽ കുരുങ്ങി പുറത്ത്.
മുംബയ് 5/1
1. ഷമി എറിഞ്ഞ ആദ്യ പന്തിൽ ഡികോക്കിന്റെ സിംഗിൾ
2.രോഹിത് ശർമ്മയുടെ സിംഗിൾ
3.ഡി കോക്കിന്റെ സിംഗിൾ
4.രോഹിതിന്റെ സിംഗിൾ ശ്രമം തടയപ്പെട്ടു.
5. രോഹിത് ശർമ്മയുടെ സിംഗിൾ
6.രണ്ടാം റൺസിനോടിയ ഡി കോക്ക് റൺഔട്ടായി.
സൂപ്പർ ഓവർ 2
മുംബയ് 11/1
1. യോർദാന്റെ ആദ്യ പന്തിൽ പൊള്ളാഡിന്റെ സിംഗിൾ.
2.വൈഡ് ബാൾ. പകരമെറിഞ്ഞ പന്തിൽ ഹാർദിക്ക് സിംഗിളെടുത്തു.
3.പൊള്ളാഡിന്റെ ബൗണ്ടറി
4.വീണ്ടും വൈഡ്. പകരമെറിഞ്ഞ പന്തിൽ ഡബിളിനോടി പാണ്ഡ്യ റൺഔട്ടായി.
5. പൊള്ളാഡിന് റൺസെടുക്കാനായില്ല.
6.സിക്സിനുള്ള ശ്രമം ബൗണ്ടറി ലൈനിന് മുകളിലേക്ക് പറന്നുയർന്ന് മയാങ്ക് അഗർവാൾ തട്ടിയകറ്റിയതിനാൽ രണ്ട് റൺസ് മാത്രം.
പഞ്ചാബ് 15/0
1.ബൗൾട്ട് എറിഞ്ഞ ആദ്യ പന്തിൽ ഗെയ്ലിന്റെ വക സിക്സ്.
2.സിംഗിളെടുത്ത് മായാങ്കിന് സ്ട്രൈക്ക് കൈമാറി.
3.എക്സ്ട്രാ കവറിലൂടെ മായാങ്കിന്റെ ബൗണ്ടറി
4.മിഡ്‌വിക്കറ്റിലൂടെ അടുത്ത ബൗണ്ടറി, വിജയം.
സൂപ്പർ കണക്കുകൾ
13
ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇതുവരെ 13 മത്സരങ്ങളിലാണ് വിജയികകളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
2009
സീസണിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു ആദ്യ സൂപ്പർ ഓവർ. ഇതിൽ വിജയിച്ചത് രാജസ്ഥാൻ റോയൽസ്.
4
ഈ സീസണിൽ നാല് മത്സരങ്ങളിലാണ് ഇതുവരെ സൂപ്പർ ഓവർ വേണ്ടിവന്നത്.ഇത് റെക്കാഡാണ്. ഒരു മത്സരത്തിൽ രണ്ട് സൂപ്പർ ഓവർ വേണ്ടിവരുന്നത് ആദ്യമായായിരുന്നു.
ഏറ്റവും കൂടുതൽ സൂപ്പർ ഓവറുകളിൽ പങ്കെടുത്ത ടീമുകൾ പഞ്ചാബും കൊൽക്കത്തയുമാണ്; നാലുവീതം. മൂന്ന് തവണ പഞ്ചാബ് ജയിച്ചപ്പോൾ കൊൽക്കത്തയ്ക്ക് ഒരുതവണയേ ജയിക്കാനായുള്ളൂ.
2
ഈ സീസണിലെ പഞ്ചാബിന്റെ രണ്ടാം സൂപ്പർ ഓവറായിരുന്നു മുംബയ്ക്ക് എതിരെ. ആദ്യം ഡൽത്തിയോട് തോറ്റിരുന്നു.
സൂപ്പർ ഓവറുകളും വിജയികളും
( വർഷം, വിജയി, എതിരാളി എന്ന ക്രമത്തിൽ )
2009-രാജസ്ഥാൻ - കൊൽക്കത്ത
2010 - പഞ്ചാബ് - ചെന്നൈ
2013 - ഹൈദരാബാദ് - ബാംഗ്ളൂർ
2013 - ബാംഗ്ളൂർ - ഡൽഹി
2014 -രാജസ്ഥാൻ - കൊൽക്കത്ത
2015-പഞ്ചാബ് - രാജസ്ഥാൻ
2017- മുംബയ് -ഗുജറാത്ത് ലയൺസ്
2019-ഡൽഹി -കൊൽക്കത്ത
2019-മുംബയ്-ഹൈദരാബാദ്
2020- ഡൽഹി- പഞ്ചാബ്
2020- ബാംഗ്ളൂർ- മുംബയ്
2020- കൊൽക്കത്ത -ഹൈദരാബാദ്
2020- പഞ്ചാബ് - മുംബയ്
കളി സൂപ്പർ ഓവറിലേക്ക് പോയപ്പോൾ സത്യത്തിൽ ടെൻഷനല്ല ദേഷ്യമാണ് തോന്നിയത്. ഈ സീസണിൽ ഒരുപാട് കളികൾ തോറ്റതുകൊണ്ടായിരുന്നു ദേഷ്യം. ബാറ്റിംഗിന് ഇറങ്ങുമ്പോൾ ആദ്യ പന്ത് നേരിടാൻ ഒരു പേടിയുമില്ലായിരുന്നു. ഞങ്ങൾക്ക് വേണ്ടി ആദ്യ സൂപ്പർ ഓവർ കിടിലനായി എറിഞ്ഞ ഷമിയാണ് എന്റെ അഭിപ്രായത്തിൽ മാൻ ഒഫ് ദ മാച്ച്
- ക്രിസ് ഗെയ്ൽ
ആദ്യ സൂപ്പർ ഓവറിൽ അഞ്ചുറൺസ് ഡിഫൻഡ് ചെയ്ത ഷമിയാണ് ഞങ്ങളുടെ ജയത്തിന് അടിത്തറയിട്ടത്. വേണമെങ്കിൽ ആറുപന്തുകളും യോർക്കറാക്കാൻ ഷമി തയ്യാറായിരുന്നു
- കെ.എൽ രാഹുൽ
യോർക്കറുകളിലൂടെയേ രോഹിതിനെയും ഡി കോക്കിനെയും നിയന്ത്രിക്കാൻ ആകൂ എന്ന് അറിയാമായിരുന്നു . എനിക്കതിന് കഴിയും എന്നുള്ള ആത്മവിശ്വാസമാണ് കരുത്തേകിയത്.
- മുഹമ്മദ് ഷമി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |