
ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ദിവസം മുൻപ് കാണാതായ 18കാരിയെയും 24കാരനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പക്‌ബാദ പൊലീസ് സ്റ്റേഷന് സമീപത്തായി ഒരു ക്ഷേത്രത്തിന് പിന്നിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരഭിമാന കൊലയാണെന്ന സംശയത്തിലാണ് പൊലീസ്. കാജൾ സൈനി, മൊഹമ്മദ് അർമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടുപേരും ഉമ്രി സബ്‌സിപൂർ സ്വദേശികളാണ്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി കാജലിനെ കാണാൻ അർമാൻ വീട്ടിലെത്തിയെന്നും പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരെയും മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ സമീപത്തെ ഗഗൻ പുഴയിൽ തള്ളിയെന്നുമാണ് പൊലീസ് പറയുന്നത്. അർമാനെ കാണാതായതിനെത്തുടർന്ന് ഇന്നലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ സഹോദരങ്ങളാണ് കൊല നടത്തിയത്. ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് മൃതദേഹങ്ങൾ കിടന്നിരുന്ന സ്ഥലം പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകത്തിനായി ഉപയോഗിച്ച മാരകായുധവും കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരങ്ങളായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നാലെ ഇരുസമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |