ശബരിമല: തുലാമാസ പൂജാ കാലത്ത് ദർശനം അനുവദിച്ചെങ്കിലും തീർത്ഥാടകർ കുറഞ്ഞത് മൂലം ദേവസ്വം ബോർഡിന് നഷ്ടം. പ്രതിദിനം 250 പേർക്ക് മാത്രം ദർശനത്തിന് അനുമതി നൽകിയ തീരുമാനം തെറ്റായിപ്പോയെന്നാണ് വിലയിരുത്തൽ. കുറഞ്ഞത് ആയിരം പേർക്കെങ്കിലും വെർച്വൽ ക്യൂവിലൂടെ ദർശനം അനുവദിച്ചിരുന്നെങ്കിൽ നഷ്ടം പരിഹരിക്കാമായിരുന്നു. കാണിക്ക ഇനത്തിൽ നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനമേയുള്ളു. അരവണ പ്രസാദവും വേണ്ടത്ര വിൽപ്പനയില്ല.
നൂറിൽപ്പരം ദേവസ്വം ജീവനക്കാർക്ക് പുറമേ 120 ആരോഗ്യ പ്രവർത്തകരും നൂറ്റി അൻപതോളം പൊലീസുകാരും സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ട്. ഇവർക്ക് മൂന്ന് നേരത്തെ ഭക്ഷണം നൽകുന്നതിനുതന്നെ ബോർഡിന് വലിയൊരു തുക ചെലവാകും. ഇപ്പോഴത്തെ വരുമാനം ദൈനംദിന ചെലവിനുപോലും തികയുന്നില്ല. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചത്. 250 പേർക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇരുനൂറിൽ താഴെയേ എത്തുന്നുള്ളു. ദർശനത്തിന് സോപാനത്ത് പലപ്പോഴും ആരുമില്ല.
കുറഞ്ഞത് ആയിരം തീർത്ഥാടകർ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നൽകാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് തിങ്കൾ മുതൽ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളിൽ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ കഴിയും..
ലാഭവും നഷ്ടവും നോക്കിയല്ല ദർശനത്തിന് അനുമതി നൽകിയത്. ഏഴുമാസമായി മുടങ്ങിയ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയൽ മാത്രമാണിത്. മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകുമോ എന്നത് പരിശോധിക്കും.
അഡ്വ. എൻ. വാസു.
പ്രസിഡന്റ്, തിരുവിതംകൂർ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |