SignIn
Kerala Kaumudi Online
Sunday, 06 July 2025 11.33 PM IST

സ്നേഹ ബന്ധത്തിനു മുന്നിൽ രക്തബന്ധം തോറ്റുപോകുന്ന കഥ! ആ മമ്മൂട്ടി ചിത്രം ദശരഥത്തിന്റെ രണ്ടാം ഭാഗമാണെന്ന് ലോഹിതദാസിന്റെ മകൻ

Increase Font Size Decrease Font Size Print Page
dhasharadham-padheyam

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ...എന്ന 'ദശരഥത്തിലെ' പാട്ട് ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികളുണ്ടാകില്ല. സിനിമ പുറത്തിറങ്ങി 31 വർഷം തികയുകയാണ്. മോഹൻലാലിന്റെ രാജീവ് മേനോൻ എന്ന കഥാപാത്രം മലയാളികളുടെ മനസിൽ ഇന്നും ഒരു നോവായി കിടക്കുകയാണ്. ഗർഭപാത്രം വാടകയ്ക്ക് നൽകിയ ആനി കുഞ്ഞിനെയും കൊണ്ടു പോകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ആ കുഞ്ഞ് എന്നെങ്കിലും രാജീവിനെ തേടിവരുമോ എന്ന ചോദ്യം പ്രേക്ഷകരിൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യം ഉയർന്നിരുന്നു.

ഇപ്പോഴിതാ സ്നേഹബന്ധത്തിന് മുന്നിൽ രക്തബന്ധം തോറ്റുപോകുന്ന മമ്മൂട്ടി ചിത്രം 'പാഥേയം', 'ദശരഥ'ത്തിന്റെ രണ്ടാം ഭാഗമാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ലോഹിത ദാസിന്റെ മകൻ വിജയ്‌ശങ്കർ ലോഹിത ദാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോഹിതദാസ് എഴുതിയ നുണയും ദശരഥവും
ഏതൊരു മലയാളി പ്രേക്ഷകനെ പോലെ എനിക്കും ഏറെ പ്രിയപ്പെട്ട സിനിമയാണ് ദശരഥം.
എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്തവനായ രാജീവ് മേനോൻ. ഭ്രാന്തമായ താത്പര്യങ്ങളും കുസൃതികളും നിറഞ്ഞ ഒരു ചെറുപ്പക്കാരൻ.
ഞാൻ ജനിക്കുന്നതിലും മുന്നേ വെള്ളിത്തിരയിൽ വന്ന സിനിമയാണ് ദശരഥം. ആ കഥയിലേക്ക് നയിച്ച ത്രെഡ് എവിടന്നാണ്‌ കിട്ടിയത് എന്ന് ഒരു ലേഖനത്തിൽ എഴുതിയത് വായിച്ചിട്ടുണ്ട്. പണ്ട് ചാലകിടയിൽ റോട്ടറാക്ട് ക്ലബ്ബിന്റെ പ്രവർത്തനവുമായി അനുബന്ധിച്ചു ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ നടത്തുവാൻ വേണ്ടി യൗവന കാലത്തു ഒരു ഡോക്ടർ മുഖാന്തരം അച്ഛൻ ബീജം നൽകിയിട്ടുണ്ട്. അത് ആരാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല .
എങ്കിലും ആരാണ് അത് സ്വീകരിക്കാൻ പോകുന്നതെന്ന് അറിയുവാൻ ഉള്ള ആഗ്രഹത്തിന്റെ പുറത്തു ഒളിഞ്ഞും മറഞ്ഞും ചുറ്റിത്തിരിഞ്ഞിട്ടുണ്ട് . അതാണ് ദശരഥത്തിലേക്കു വഴിവച്ചത്.
തിയേറ്ററിൽ പരാജയമായ ദശരഥം ആണ് പിൽക്കാലത്തു മലയാളത്തിലെ ക്ലാസിക് ആയി മാറിയത് .
ഒരിക്കൽ രാജുവേട്ടനുമായി ഒരു സംവാദത്തിനിടയിൽ ദശരഥം വിഷയമായി വന്നു, പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ കൂടെ അദ്ദേഹം രാവണൻ എന്ന സിനിമ ചെയുമ്പോൾ മണിസാർ പറഞ്ഞുവത്രേ മലയാളം സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ദശരഥം എന്ന്. കാലങ്ങൾക്കും കാലഘട്ടങ്ങൾക്കും അതീതമാണ് ആ തിരക്കഥ. വ്യക്തിപരമായ അഭിപ്രായത്തിൽ മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമയാണ് ദശരഥം . എല്ലാവര്ക്കും ഒരുപക്ഷെ മനസിലേക്കു വരുന്നത് ക്ലൈമാക്സ് രംഗം ആയിരിക്കാം.


പക്ഷെ എനിക്ക് അതല്ല , നെടുമുടി അവതരിപ്പിച്ച കറിയാച്ചനെ ബാറിൽ കൊണ്ടുപോയി വയറു നിറച്ചും കള്ളുവാങ്ങി കൊടുത്തതിനു ശേഷം 'തൊമ്മിയെ എനിക്ക് തരോ? കറിയാച്ചന്റെ മോൻ ആ തടിയൻ തൊമ്മിയെ' എന്ന് ചോദിക്കുന്നുണ്ട്. പ്രതികരണം ഒരു ചിരിയിൽ ആണ് തുടങ്ങുന്നതെങ്കിലും ഇല്ല എന്നാണ് മറുപടി.. "എന്റെ തൊമ്മിയെ കൊടുത്തിട്ടു ഞാൻ എന്തിനാടോ അപ്പനാന്നും പറഞ്ഞു ജീവിക്കുന്നെ? ഒരപ്പനും അതിനു സാധിക്കില്ല, തനികത്തു മനസിലാവില്ല .. തന്റെ കുഴപ്പമല്ല , തനിക്കു ബന്ധങ്ങളുടെ വില മനസിലാവില്ല"....
അതിൽ ലാലേട്ടന്റെ ഒരു കൌണ്ടർ റിയാക്ഷൻ ഉണ്ട്.. അതിനെ വെല്ലുന്ന , ആ നോട്ടത്തിനെ വെല്ലുന്ന ഒരു അഭിനയ മുഹൂർത്തം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഞാൻ കണ്ടട്ടില്ല. തികച്ചും വ്യക്തിപരമാണ്, അതും ഞാൻ ചേർക്കുന്നു.
അച്ഛന്റെ മരണശേഷം ഒരുപാടുപേർ ദശരഥത്തിനു ഒരു രണ്ടാംഭാഗം എന്ന സ്വപ്നമായി ബന്ധപ്പെട്ടിട്ടുണ്ട്, ത്രെഡായും തിരക്കഥയുമായും വന്നവരുണ്ട്, പക്ഷെ ഒരു രണ്ടാംഭാഗം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല.


കാരണം മറ്റൊന്നുമല്ല , ദശരഥത്തിനു രണ്ടാം ഭാഗം ലോഹിതദാസ് തന്നെ എഴുതിയിട്ടുണ്ട് , എല്ലാവരും കണ്ടതുമാണ്.
അച്ഛന്റെ ലേഖനങ്ങൾ കോർത്തിണക്കി 'കഥയുടെ കാണാപ്പുറങ്ങൾ' എന്ന പേരിൽ ഒരു പുസ്തകം ഉണ്ട്. അതിലെ ഒരു ലേഖനം വായിച്ചനാൾ മുതൽ എന്റെ ഉള്ളിൽ അതൊരു ചോദ്യമാണ് , അത് ഒരു സത്യമാണെന്നു എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, അച്ഛന്റെ ഭവനിൽ നിന്ന് വന്ന മറ്റൊരു കഥയല്ലേ ഈ ലേഖനം എന്ന് തോന്നിയിരുന്നു. ഒരു സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപോൽ അച്ഛൻ അവിടെ വച്ച് സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു , അവൾ അവിടത്തെ വിദ്യാർത്ഥിനിയാണ്. ആദ്യ മാത്രയിൽ തന്നെ ഒരു വൈകാരിക വലയം രൂപപ്പെട്ടു, എന്തെന്നില്ലാത്ത അടുപ്പം അവളുടെ മുഖത്തോടു തോന്നി ....


കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് അച്ഛനോട് പറഞ്ഞു 'അതാരാണെന്ന് തനിക്കു മനസിലായില്ലേ ?? തന്റെ പഴയ കാമുകിയുടെ മകളാണ് ..
പിതൃത്വത്തിന്റെ ഒരു കാന്തീകത അച്ഛന് അനുഭവപെട്ടു ആ പെൺകുട്ടിയോട് , ഒരിക്കൽ എപ്പോഴോ തന്റെ മനസ്സിൽ വിരിഞ്ഞിരുന്ന മാനസപുത്രിയല്ലേ അവൾ?.. ഈയൊരു അനുഭവത്തിൽ നിന്നാണ് മമ്മൂട്ടി ചന്ദ്രദാസ് എന്ന നായകവേഷത്തിൽ എത്തിയ പാഥേയം എന്ന സിനിമ രൂപം പ്രാപിക്കുന്നത് . ഇത് ആ ലേഖനത്തിൽ പറയുന്നതാണ് . പക്ഷെ എനിക്കതിൽ തീരെ വിശ്വാസമില്ല , സത്യംപറഞ്ഞാൽ അച്ഛന്റെ മിക്യ സിനിമകളും എഴുത്തുകളും ഞാൻ കാണുന്നതും വായിക്കുന്നതും അച്ഛൻ പൊലിഞ്ഞു പോയതിനു ശേഷമാണു . എനിക്ക് ചോദ്യം ചെയ്യാൻ കിട്ടിയില്ല അച്ഛനെ , പക്ഷെ ആ മനസ്സ് എനിക്കറിയാം .
ആ ലേഖനത്തിൽ കുറിച്ച വാക്കുകൾ ഭാവന മാത്രമാണ്. അമ്മയോടും ഞാൻ ചോദിച്ചു , അങ്ങനെ ഒരു കാമുകിയുടെ മകളെ കണ്ട ഒരു സന്ദർഭം അച്ഛന് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് അമ്മയും പറഞ്ഞത് .
ഞാൻ എഴുത്തുമായി ഇരിക്കുന്ന വേളയിലാണ് വര്ഷങ്ങള്ക്കു ശേഷം പാഥേയം വീണ്ടും കാണാൻ ഇടയായത്. എന്നത്തേക്കാളും ചന്ദ്രദാസ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു , എഴുത്തിനു അത് ഭംഗം സംഭവിപ്പിച്ചെങ്കിലും ഇഷ്ടത്തോടെ ആ കഥാപാത്രത്തെ മനസ്സിൽ കൊണ്ടുനടന്നു ദിവസങ്ങളോളം. ഒടുവിൽ ഞാൻ കണ്ടെത്തി... പഴയ കാമുകിയുടെ മകളെ കണ്ട ലോഹിതദാസിന്റെ മനസിലെ പിതൃവാത്സല്യം അല്ല പാഥേയത്തിൽ ചെന്നെത്തിച്ചത് .. അത് രാജീവ് മേനോൻ ആണ് . മുന്ന് ഞാൻ എഴുതിയ ഒരു ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് എഴുതിയ കഥാപാത്രങ്ങൾ അച്ഛനെ വേട്ടയാടാറുണ്ടെന്നു .
അങ്ങനെ ഉള്ള ഒരു സന്ദർഭത്തിൽ നിന്നാണ് പാഥേയത്തിലെ ചന്ദ്രദാസും പിറവിയെടുക്കുന്നത് .
രാജീവ് മേനോൻ ഇന്ന് എവിടെയാണ് , അയാളുടെ ചിന്തയും മാനസികാവസ്ഥയും എങ്ങനെ ആയിരിക്കും , ഒരുപക്ഷെ അയാൾ ആ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു വീണ്ടും ചെന്നാൽ എന്തു സംഭവിക്കും ?
അതാണ് പാഥേയം .
ഇന്നും നഷ്ടപ്പെട്ടു പോയ മകനെ ഓർത്തു ഉരുകി നീറുന്ന രാജീവിനോട് സഹതാപം തോന്നി ആ മകൻ ഒരുപക്ഷെ കൂടെപ്പോയെകം , അല്ലെങ്കിൽ നിയമ സാദ്ധ്യതകൾ വളരെയേറെയുണ്ട് ഇന്ന് , വാടകയ്ക്കു ഒരു ഗർഭപാത്രം എന്ന ആശയത്തിന് ആണ് നിയമസാധ്യത ഇല്ലെന്നു പറഞ്ഞ് ആണ് ദശരഥത്തിൽ കേസ് കോടതി തള്ളിക്കളയുന്നത് , പക്ഷെ ഇന്ന് അയാൾക്കു പിതൃത്വം അവകാശപ്പെടാം , ഏതൊരു ടെസ്റ്റും അയാൾക്കു ആനുകൂലമാണ് .
ബിയോളൊജിക്കലി രാജീവ് ആണല്ലോ കുട്ടിയുടെ അച്ഛൻ .
ആ മകൻ രാജീവിന്റെ കൂടെ പോവുകയാണെങ്കിൽ , അയാളുടെ അവസ്ഥ കണ്ടു സഹതപിച്ചോ അല്ലെങ്കിൽ കോടതി വിധി പ്രകാരമോ എന്തും ആകട്ടെ .... പിന്നീട് എന്തു സംഭവിക്കാം? അതാണ് പാഥേയം .
സ്നേഹ ബന്ധത്തിന് മുന്നിൽ രക്തബന്ധം തോറ്റുപോകുമായിരുന്നു, ഇന്നോളം താൻ അച്ഛൻ എന്ന് വിളിച്ച സ്നേഹിച്ച മുരളി അവതരിപ്പിച്ച കഥാപാത്രത്തെ ഒരിക്കലും രാജീവിന് മറികടക്കാൻ ആവില്ല ഒരർത്ഥത്തിലും.
ഞാൻ അമ്മയോടും ചക്കരയോടും പറഞ്ഞു , പാഥേയം ദശരത്തിന്റെ രണ്ടാം ഭാഗമാണ് , ഒരു നിമിഷം ആലോചിച്ച ശേഷം അമ്മയും പറഞ്ഞു, 'അതെ'.
ദശരഥത്തിൽ നിന്ന് ആകെ കടംകൊണ്ടത് ഒന്നാണ് ...
ആനിയെ പോലെത്തന്നെ നാളെ മുരളി അവതരിപ്പിച്ച കഥാപാത്രവും ആ മകനെ സ്നേഹിച്ചു തുടങ്ങും എന്നത് ഉറപ്പാണ്, ആ മകന്റെ സ്നേഹവും അച്ഛാ എന്ന വിളിയും അനുഭവിക്കാൻ വിധിക്കപെട്ടത് ആ കഥാപാത്രമാണ് . അതിനു ഭാഗ്യവാനായ ആ കഥാപാത്രത്തിന്റെ പേരാണ് പാഥേയത്തിൽ ലാലു അലക്സ് അവതരിപ്പിച്ച ഹരികുമാര മേനോന്റെ മുന്നിൽ തോറ്റുപോകുന്ന
ജൈവപിതാവിന് കൊടുത്തിരിക്കുന്നത് .. ചന്ദ്രദാസ് !!
ദശരഥത്തിലെ രാജീവ് മേനോൻ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ് . ദശരഥത്തിന്റെ തുടർകഥയാണ് പാഥേയം. സ്നേഹബന്ധത്തിനു മൂന്നിൽ രക്തബന്ധം തോറ്റുപോകുന്ന കഥയാണ്.
31 years of dhasharatham❤

TAGS: DASHARADHAM, PADHEYAM MOVIE, MOHANLAL, LALU ALEX, MAMMOOTTY, LOHIDA DAS, LOHIDA DAS SON, FB POST, MURALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.