തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രഘട്ടം പിന്നിട്ടെങ്കിലും കേരളത്തിൽ രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം ഉയർന്നു തന്നെ നിൽക്കുന്നു. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോഴും കൊവിഡ് രൂക്ഷമായി തുടരുകയാണ്. സെപ്തംബർ 17നാണ് രാജ്യം കൊവിഡിന്റെ അതിതീവ്ര ഘട്ടത്തിന്റെ മൂർദ്ധന്യത്തിൽ എത്തിയത്. ഇതേദിവസം കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 4351 ആയിരുന്നു. പിന്നീട് മലയാളികളുടെ ദേശീയ ഉത്സവമായ ഓണം കൂടി എത്തിയതോടെ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം സൗകര്യപൂർവം മറക്കുകയും കൂട്ടത്തോടെ നിരത്തിൽ ഇറങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ കൊവിഡ് കേസുകളിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ ചൂണ്ടിക്കാട്ടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഓണക്കാലത്ത് ജാഗ്രതക്കുറവ് ഉണ്ടായതായി പറഞ്ഞിരുന്നു.
ശൈത്യകാലം ആശങ്കയുടേത്
രാജ്യത്ത് കൊവിഡിന്റെ രണ്ടാംവരവ് ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിനുള്ള വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ കൊവിഡ് അതിന്റെ അതിതീവ്ര ഘട്ടത്തിൽ എത്തിയിട്ടില്ല. ഈ മാസം അവസാനത്തോടെ രോഗബാധ മൂർദ്ധന്യത്തിൽ എത്തുമെന്നാണ് കരുതുന്നത്. അതിനൊപ്പമാണ് കൊവിഡിന്റെ രണ്ടാംവരവും കേരളത്തെ കാത്തിരിക്കുന്നത്. കേരളം, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് അതിരൂക്ഷമായി തുടരുന്നത്. കേരളത്തിൽ നവംബർ രണ്ടാംവാരം മുതൽ ജനുവരി രണ്ടാംവാരം വരെയാണ് തണുപ്പുകാലം. ഇപ്പോൾ പ്രതിദിനം 7000നും 11,000നും ഇടയിൽ ഏറിയും കുറഞ്ഞും നിൽക്കുന്ന രോഗികളുടെ എണ്ണം ശൈത്യകാലമാവുന്നതോടെ 20,000 എങ്കിലും ആകുമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നത്. ഒരിക്കൽ രോഗികളുടെ എണ്ണം 11,755 വരെ രോഗികളുടെ എണ്ണം ഉയർന്നിരുന്നു. അതിനാൽ തന്നെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നത്തിനുള്ള കർശന നടപടികൾക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
പരിശോധന ഒരു ലക്ഷമാക്കണം
അതിനിടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷമാക്കണമെന്ന് സർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. കൂടുതൽ പരിശോധനകൾ നടത്തിയാലേ കൊവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്താനാകൂവെന്നും സമിതി ചൂണ്ടിക്കാട്ടി. പരിശോധനകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കുറയാൻ കാരണമായ പുതിയ സോഫ്‌റ്റ്‌വെയർ മാറ്റി പഴയ രീതിയിലേക്കു തിരിച്ചുപോകണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ സോഫ്‌റ്റ്‌വെയർ ഏർപ്പെടുത്തിയ ശേഷം പരിശോധനകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവ് വന്നിരുന്നു. 'ഹെൽത്‌മോൻ" എന്ന സോഫ്‌റ്റ്‌വെയറിന് പകരം ഉപയോഗിക്കുന്ന ലാബ് ഡയഗ്‌നോസ‌്റ്റിക് മാനേജ്‌മെന്റ് സിസ്‌റ്റം മികച്ചതാണെങ്കിലും വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കാലതാമസമുണ്ടാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |