യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ കൂളായി സിനിമാലോകത്തേക്ക് ചുവട്‌വയ്ക്കുന്ന സ്‌റ്റാർ കിഡ്സിന്റെ പേരിൽ നിരവധി വിവാദങ്ങളാണ് ബോളിവുഡിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂപ്പർ താരം ആമിർ ഖാന്റെ മകൻ ജുനൈദും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അരങ്ങേറ്റ സിനിമയ്ക്ക് വേണ്ടിയുള്ള ഓഡീഷനിൽ ജുനൈദ് പരാജയപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതും ഷെയ്‌ൻ നിഗം നായകനായെത്തിയ മലയാളച്ചിത്രം ' ഇഷ്‌കി'ന്റെ റിമേക്കിന് വേണ്ടി.
ആമിറിന്റെയും ആദ്യ ഭാര്യ റീന ദത്തയുടേയും മൂത്ത മകനാണ് ജുനൈദ്. ഇഷ്കിന്റെ ഹിന്ദി റീമേക്ക് നീരജ് പാണ്ഡെയാണ് നിർമിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെ ജുനൈദ് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഓഡീഷനിൽ ജുനൈദ് പരാജയപ്പെടുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നാടകങ്ങളിലും മറ്റും സജീവമായ ജുനൈദ് നേരത്തെയും ചില ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു.
തന്റെ മകന് സിനിമയിൽ അഭിനയിക്കണമെങ്കിൽ ഓഡീഷനുകളിൽ പങ്കെടുത്ത് ശരിയായ രീതിയിൽ എത്തട്ടെയെന്നും താൻ അക്കാര്യത്തിൽ ഇടപെടില്ലെന്നും ആമിർ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോസ്ആഞ്ചലസിലെ അമേരിക്കൻ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആർട്സിൽ നിന്നും പരിശീലനം നേടിയ ജുനൈദ്, ആമിർ നായകനായെത്തിയ രാജ്കുമാർ ഹിരാനി ചിത്രം ' പികെ ' യിൽ അസിസ്‌റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |