തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർഗരേഖ പുറത്തിറക്കി.
യാത്രക്കാർ ബസിനുള്ളിലോ പുറത്തോവച്ച് കണ്ടക്ടറോടും ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാൽ അതേ രീതിയിൽ പ്രതികരിക്കരുതെന്ന് സി.എം.ഡി ബിജുപ്രഭാകർ കർശന നിർദ്ദേശം നൽകി. പ്രകോപനമുണ്ടാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. തുടർനടപടികൾ ഓഫീസ് തലത്തിൽ സ്വീകരിക്കും.ജീവനക്കാർ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, രോഗബാധിതർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കണം. കൂടാതെ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഈ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിറുത്തിക്കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ജനതാ ഓർഡിനറി ബസുകളുടെ കാര്യത്തിലും ഈ നിർദ്ദേശങ്ങൾ പാലിക്കണം.
സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ബന്ധപ്പെട്ട യാത്രക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കണം. ഇത്തരം യാത്രക്കാർ എവിടെ നിന്നു കൈകാണിച്ചാലും ബസ് നിറുത്തിക്കൊടുക്കണം. കൈക്കുഞ്ഞുമായി വരുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകണം. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതായി ബോദ്ധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |