കോഴിക്കോട്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഉന്നത ഗവേഷണ മേഖലകൾ കൈകാര്യം ചെയ്യാൻ പ്രാപ്തമായ ഒരു പൂർണ ഗവേഷണ വികസന സ്ഥാപനമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്യ ശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ സ്ഥാപനം മുതൽക്കൂട്ടായിരിക്കുമെന്നും സർക്കാറിന്റെ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത ഗവേഷണത്തിനുള്ള റിസർച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാർക്കിന്റെ നിർമ്മാണം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മികച്ച ഗവേഷണ നിലവാരം ഉറപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും ലബോറട്ടറി സംവിധാനങ്ങളുമാണ് ഗവേഷണ ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. നാല് മുറികളും 44 ബെഡുകളും ഉൾപ്പെടുന്നതാണ് ഗസ്റ്റ് ഹൗസ് കോംപ്ലക്സ്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നാണ് അക്വാട്ടിക് ബയോപാർക്ക് നിർമ്മിക്കുന്നത്.
പി.ടി.എ റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇഞ്ചി വർഗങ്ങളുടെ സംരക്ഷണ കേന്ദ്രം, ഡിജിറ്റൽ ഗാർഡൻ എന്നിവയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ഇരപിടിയൻ സസ്യങ്ങളുടെ സംരക്ഷണകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും സസ്യലോകത്തെ പുഷ്പിക്കാത്ത ചെടികളുടെ കൂട്ടത്തിലെ പന്നൽ ചെടികളുടെ വിസ്മയ കാഴ്ചകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്കുമാറും പബ്ലിക് അമിനിറ്റി കോംപ്ലക്സ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ. കെ.പി സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ പവിത്രൻ, കൃഷ്ണദാസൻ എന്നിവർ പ്രസംഗിച്ചു. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എസ് പ്രദീപ്കുമാർ സ്വാഗതവും സീനിയർ സയന്റിസ്റ്റ് ഡോ.എൻ.എസ് പ്രദീപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |