ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സായ് പ്രൊഡക്ഷൻസ് നിർമിക്കുന്ന സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. ആൽബത്തിന്റെ മ്യൂസിക് ലോഞ്ച് സുരേഷ് ഗോപി എം.പി ഓൺലൈനിലൂടെ നിർവ്വഹിച്ചു. നിർമാതാവും നടനുമായ സുരേഷ് കുമാറും നടി മേനക സുരേഷും ചേർന്ന് ആൽബത്തിന്റെ ഡി.വി.ഡി ലോഞ്ച് നടത്തി. ഇതിനൊപ്പം സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു. സായ് പ്രൊഡക്ഷൻസ് മാനേജിംഗ് ഡയറക്ടർമാരായ സതീഷ് കുമാർ, സായ് സുധാ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിനാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിരവധി നിർഭയമാർ ഉണ്ട്. എന്നാൽ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന സന്ദേശമാണ് "നിർഭയ" എന്ന ആൽബം നൽകുന്നത്.
ജഗതി ശ്രീകുമാറിന്റെ മകനും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സിന്റെ എം.ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്. പതിനേഴോളം ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോർട്സിൽ ഇടം നേടുകയും 8 തവണ ദേശീയ പുരസ്ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ബിനേന്ദ്ര മേനോനാണ് "നിർഭയ"ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്.ഗിരീഷ് നക്കോടിന്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം നൽകിയത്. ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'നിർഭയ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |