കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നു. ശിവശങ്കർ ഇപ്പോൾ പ്രതിഅല്ലാത്തത്തിനാൽ അറസ്റ്റിനെ ഭയക്കേണ്ടെന്നും ജാമ്യഹർജി തളളണമെന്നും കോടതിയിൽ കസ്റ്റംസ് അറിയിച്ചു. പ്രതിയല്ലാത്ത ശിവശങ്കറിന് എന്തിനാണ് മുൻകൂർ ജാമ്യം എന്നാണ് കസ്റ്റംസ് കോടതിയിൽ ചോദിച്ചത്. കളളപ്പണം വെളുപ്പിക്കാൻ സഹായിച്ചിട്ടില്ലെന്നും തന്റെ ജോലിയും കുടുംബവും നശിച്ചു. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു.
എന്നാൽ സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇ ഡി മുദ്രവച്ച കവറിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങളും ഇ ഡി കോടതിക്ക് കൈമാറിയിട്ടുണ്ട്.
കസ്റ്റംസും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രണ്ടിലും ഇന്നു തന്നെ വിധിയുണ്ടാകുമെന്നാണ് സൂചന. ഇരു കേസുകളിലും ഇന്നുവരെയാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
ശിവശങ്കറിനെ ഇപ്പോൾ പ്രതിചേർക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഇന്നലെ രാവിലെ എറണാകുളത്തെ എൻ.ഐ.എ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നും സ്വർണക്കടത്തിലോ അനുബന്ധ കേസുകളിലോ തനിക്കു ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. നിലവിൽ ശിവശങ്കറിനെ പ്രതി ചേർക്കാൻ ഉദ്ദേശ്യമില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മാറാമെന്നും ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ അപക്വമാണെന്നും എൻ.ഐ.എ പ്രോസിക്യൂട്ടർ അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |