പ്ലസ് വണ്ണിനും നൽകി ഇരട്ടിയിലേറെ
തിരുവനന്തപുരം:സർക്കാർ നിയമനങ്ങളിലും,വിദ്യാലയ പ്രവേശനത്തിലും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതു വിഭാഗത്തിൽ നിന്ന് പത്ത് ശതമാനം സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കഴിഞ്ഞ മെഡിക്കൽ പ്രവേശനത്തിലും, ഇക്കൊല്ലത്തെ പ്ളസ് വൺ പ്രവേശനത്തിലും മറികടന്നു.
മുന്നാക്കക്കാർക്ക് അർഹതപ്പെട്ടതിന്റെ ഇരട്ടിയിലേറെ എം.ബി.ബി.എസ് സീറ്റുകളാണ് സംവരണ ക്വാട്ടയിൽ അനുവദിച്ചത്. 67 സീറ്റ് അധികം.. പിന്നാക്ക- പട്ടിക വിഭാഗങ്ങൾക്ക് നിലവിലെ 50 ശതമാനം സംവരണം അതേ പടി തുടരുമെന്നും, ബാക്കി 50 ശതമാനം പൊതു വിഭാഗത്തിൽ നിന്നുള്ള 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് നൽകുന്നതെന്നുമാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിന് വിരുദ്ധമായി, മൊത്തം ഒഴിവുകളുടെ പത്ത് ശതമാനം കവർന്നെടുക്കാനും, പിന്നാക്ക-പട്ടിക വിഭാഗക്കാരുടെ മെരിറ്റ് ക്വാട്ട അട്ടിമറിക്കാനുമുള്ള സർക്കാർ-ഉദ്യോഗസ്ഥ തല നടപടികൾ
കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
എം.ബി.ബി.എസ്: അധികം സീറ്റ് ഇങ്ങനെ
സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലായി ആകെ 1555 എം.ബി.ബി.എസ് സീറ്റിലായിരുന്നു കഴിഞ്ഞ വർഷം പ്രവേശനം. ഇതിൽ 423 സീറ്റ് അഖിലേന്ത്യാ ക്വാട്ടിലാണ്. പാലക്കാട്ടെ 100ൽ 85 സീറ്റും പട്ടിക വിഭാഗ സംവരണമാണ്. ബാക്കി 1047 സീറ്റിൽ പിന്നാക്ക വിഭാഗക്കാർക്ക് 30 ശതമാനവും,പട്ടിക വിഭാഗക്കാർക്ക് പത്ത് ശതമാനവും സംവരണം. അവശേഷിച്ച 628 സീറ്റ് പൊതു വിഭാഗത്തിലും. ഇതിൽ നിന്നുള്ള പത്ത് ശതമാനമാണ് മുന്നാക്ക സംവരണത്തിന് നൽകേണ്ടത് - 63 സീറ്റ്. നൽകിയതാവട്ടെ 130 സീറ്റും. മൊത്തം സീറ്റിന്റെ പത്ത് ശതമാനം കണക്കാക്കിയപ്പോൾ അധികം ലഭിച്ചത് 67.
പ്ലസ് വൺ: 430 സീറ്റ് അധികം
ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ 1,62,815. ഇതിൽ 48 ശതമാനം സീറ്റ് പിന്നാക്ക-പട്ടിക വിഭാഗ സംവരണത്തിനാണ്. ബാക്കി 52 ശതമാനം പൊതു വിഭാഗത്തിലും. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകേണ്ടത് പൊതു വിഭാഗത്തിലെ 52 ശതമാനത്തിൽ (84,664) നിന്നാണ് - 8466 സീറ്റ്. എന്നാൽ, നീക്കിവച്ചത് മൊത്തം സീറ്റിന്റെ പത്ത് ശതമാനവും 430 സീറ്റ് അധികവും (16711). അതോടെ മുന്നാക്ക സംവരണ സീറ്റുകൾ അർഹതപ്പെട്ടതിന്റെ ഇരട്ടിയിലേറെയായി. അതേ സമയം, ചില പിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് നഷ്ടവും നേരിട്ടു.വിശ്വകർമ്മ, ധീവര സമുദായങ്ങൾക്ക് രണ്ട് ശതമാനം സംവരണ പ്രകാരം ലഭിക്കേണ്ടത് 3300 സീറ്റ് വീതമാണ്. ലഭിച്ചതാവട്ടെ, 2853 സീറ്റ് വീതവും. 447 സീറ്റ് വീതം നഷ്ടം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |