ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞ് വരികയാണ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രതിദിന രോഗബാധയില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഉത്സവ സീസണ്‍ പരിഗണിച്ച് ജാഗ്രത പാലിച്ചില്ലെങ്കില്‍ കൊവിഡ് വ്യാപനം വീണ്ടും ഉണ്ടായേക്കാമെന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഇന്ന് മന്‍ കി ബാത്തില്‍ സംസാരിക്കുമ്പോഴും നരേന്ദ്ര മോദി ഈ മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
ഓണം, വിനായക ചതുര്‍ഥി, തിരുമല ക്ഷേത്രം, തബ്‌ലീഗ് സമ്മേളനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് എന്നതുകൊണ്ട് തന്നെ ഇത് കാണാതിരുന്നുകൂടാ. അല്ലെങ്കില്‍ ദസറ-വിജയദശമി ആഘോഷം കഴിയുമ്പോഴേക്കും രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നേക്കാം. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്.
കേരളവും ഓണാഘോഷങ്ങളും
കഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് പിന്നില്‍ ഓണാഘോഷങ്ങളാണെന്ന രീതിയിലുള്ള വിവാദത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ തിരികൊളുത്തിയത്. ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെയാണ് കൊവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായതെന്നാണ് വിമര്‍ശനം. ആഗസ്റ്റ് 22ന് ഓണാഘോഷം തുടങ്ങുന്ന വേളയില്‍ സംസ്ഥാനത്തെ പ്രതിദിന വര്‍ദ്ധനവ് 2172 കേസും 15 മരണവുമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 30 ആയപ്പോഴേക്കും പ്രതിദിന രോഗബാധ 8,000ത്തിലേക്ക് ഉയര്‍ന്നു.
വിനായക ചതുര്‍ഥിയും മുംബയും
രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിലൊന്നായ മുംബയില്‍ സെപ്തംബറില്‍ കൊവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവ് ഉണ്ടായിരുന്നു. പത്ത് ദിവസം നീണ്ട് നിന്ന വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ രണ്ടിനായിരുന്നു അവസാനിച്ചത്. സെപ്തംബര്‍ പകുതിയോടെ മുംബയ് നഗരത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരമായി ഉയരുകയായിരുന്നു. ജൂലായിലും ആഗസ്റ്റിലും നഗരത്തിലെ പ്രതിദിന കേസുകള്‍ 1000- 1200 ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നെങ്കിലും ഇതിന് പിന്നാലെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായി.
നിലവില്‍ രാജ്യം ദസറ-വിജയദശമി ആഘോഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആഘോഷമെങ്കിലും വീണ്ടുമൊരു കൊവിഡ് വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്. വിജയദശമിയ്ക്ക് ആളുകള്‍ ഒരുമിച്ച് കൂടുന്നത് പതിവാണെന്നും എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നുമാണ് ഇന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും അദ്ദേഹം സൂചിപ്പിച്ചത് ഇക്കാര്യം തന്നെയാണ്. ഒരു ലക്ഷത്തിനരികെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് നിലവില്‍ അത് പകുതിയായി കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന പാഠം.
ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദുര്‍ഗാ പൂജ പന്തലുകളിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നാണ് കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. മണ്ഡപങ്ങള്‍ നോ എന്‍ട്രി സോണ്‍ ആയി പ്രഖ്യാപിച്ചാണ് ചടങ്ങുകള്‍ നടക്കുക. മൈസൂരു ദസറ ഫെസ്റ്റിവല്‍ പരിഗണിച്ച് നവംബര്‍ ഒന്ന് വരെ ടൂറിസ്റ്റുകള്‍ക്ക് പ്രാദേശിക ഭരണകൂടം ജില്ലയില്‍ പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉത്തരവ് അസാധുവാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |