ആലപ്പുഴ: സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായി മലയാളി മനസുകളിൽ ചേക്കേറിയ കാവ്യഗന്ധർവന്റെ ഓർമ്മയിലേക്കൊരു വാതായനം. അനശ്വര കവി വയലാർ രാമവർമ്മയുടെ സ്മാരകം 'ചന്ദ്രകളഭം' അദ്ദേഹത്തിന്റെ 45-ാം ചരമവാർഷിക ദിനമായ നാളെ പൊതുജനങ്ങൾക്കായി തുറക്കും. കൊട്ടും കുരവയുമില്ലാതെ.സ്മാരകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നതായിരുന്നു ട്രസ്റ്റ് ഭാരവാഹികളുടെ ആഗ്രഹം. ഇടയ്ക്ക് ചേർത്തലയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മുഖ്യമന്ത്രി സമയം അനുവദിച്ചെങ്കിലും ചടങ്ങിനുള്ള സമയം പര്യാപ്തമായില്ല. പിന്നെ കൊവിഡെത്തി. രാജ് ഭവനിൽ നാളെ വയലാർ അവാർഡ് ദാനം നടക്കുന്നതിനാൽ വയലാർ ട്രസ്റ്റ് ഭാരവാഹികൾക്ക് എത്താനാവില്ല.
സ്മാരകത്തിന്റെ നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുന്നതിൽ അന്തിമതീരുമാനമായില്ല. തത്കാലം ചുമതല വയലാർ സ്മാരക ട്രസ്റ്ര് അംഗം കൂടിയായ മകൻ ശരത്ചന്ദ്ര വർമ്മയ്ക്കായിരിക്കും. നിലവിലെ വൈദ്യുതി കുടിശിക ട്രസ്റ്റ് അടയ്ക്കും.
ചന്ദ്രകളഭവും ഇന്ദധനുസും
വയലാറിന്റെ വീടായ രാഘവപ്പറമ്പലിന്റെ ചുറ്റുമതിൽ കടന്ന് പുറത്തേക്കിറങ്ങുമ്പോൾ ചന്ദ്രകളഭത്തിന് മുന്നിലായി കാവ്യഗന്ധർവന്റെ സ്മൃതി മണ്ഡപം കാണാം. 25 ലക്ഷമാണ് സ്മൃതി മണ്ഡപത്തിന് ചെലവഴിച്ചത്. കുടുംബ വീടിനോട് തൊട്ടുള്ള 16 സെന്റ് സ്ഥലത്ത് 3400 ചതുരശ്രഅടിയിലാണ് സ്മാരകം. മുകൾ നിലയിൽ 'ഇന്ദ്രധനുസ്' എന്ന മ്യൂസിയം. ഇതേവരെ വയലാർ അവാർഡു നേടിയവരുടെയും അവാർഡ് ദാന ചടങ്ങുകളുടെയും ചിത്രങ്ങൾ. വയലാറിന്റെ കൃതികൾ, ചലച്ചിത്ര ഗാനങ്ങൾ, സിനിമകൾ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. താഴത്തെ നിലയിൽ 700 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ. സാംസ്കാരിക പരിപാടികൾക്കും സാഹിത്യ സദസുകൾക്കും അത്യുത്തമം.
2006ലെ വി.എസ് സർക്കാരാണ് വയലാർ സ്മാരക നിർമ്മാണത്തിന് തീരുമാനമെടുത്തത്. 2009-ൽ തറക്കല്ലിട്ടു. വയലാർ രാമവർമ്മ ട്രസ്റ്റിനായിരുന്നു നിർമ്മാണച്ചുമതല. നിർമ്മാണം രണ്ട് വർഷം മുമ്പാണ് പൂർത്തിയാക്കിയത്. സാംസ്കാരിക വകുപ്പ് അനുവദിച്ച 1.20 കോടിയാണ് ചെലവഴിച്ചത്.
'സ്മാരകത്തിന്റെ നടത്തിപ്പ് സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. തത്കാലം പരിപാലന ചുമതല ശരത്ചന്ദ്രവർമ്മയെ ഏൽപ്പിക്കുന്നു'.
-സി.വി. ത്രിവിക്രമൻ
സെക്രട്ടറി, വയലാർ സ്മാരക ട്രസ്റ്റ്.
ഔദ്യോഗികമായി വയലാർ സ്മാരകത്തിന്റെ ചുമതല വയലാറിന്റെ കുടുംബത്തെ ഏൽപ്പിച്ചിട്ടില്ല. താത്കാലികമായി മേൽനോട്ട ചുമതല തന്നു. അത് ഭംഗിയായി ചെയ്യും.മോതിരം മാറ്റമായി, വിവാഹം കഴിഞ്ഞില്ല എന്നതു പോലെ. വയലാറിനെ സ്നേഹിക്കുന്നവർ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വയം നിയന്ത്രിച്ച് എത്തുക.
വയലാർ ശരത്ചന്ദ്രവർമ്മ (വയലാറിന്റെ മകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |