തിരുവനന്തപുരം :റിവേഴ്സ് ക്വാറന്റൈനിലെ വീഴ്ചകാരണം സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 60 വയസു കഴിഞ്ഞവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു (റിവേഴ്സ് ക്വാറന്റൈൻ) ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച 61 പേരും റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവരായിരുന്നെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
മരണപ്പെട്ടവരിൽ ഭൂരിഭാഗവും പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണ്.
ഒരുമാസക്കാലയളവിൽ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളിൽ 61 മരണങ്ങളാണ് (24%)
റിവേഴ്സ് ക്വാറന്റൈനിലെ വീഴ്ച മൂലം സംഭവിച്ചത്.
റിവേഴ്സ് ക്വാറന്റൈൻ ശക്തമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
മുന്നിൽ പുരുഷന്മാർ
ഒരുമാസത്തിനിടയ്ക്ക് കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണ്. 157 പുരുഷൻമാരും 66 സ്ത്രീകളുമാണ് മരിച്ചത്. ഏഴു മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു.
മരണപ്പെട്ടവരിൽ മറ്റു രോഗങ്ങളുള്ളവർ ( %)
പ്രമേഹം 47.6 %
ഉയർന്ന രക്തസമ്മർദ്ദം 46%
ഹൃദ്രോഗം 21.4%
കിഡ്നി സംബന്ധമായ രോഗങ്ങൾ 14.3%
ശ്വാസകോശ രോഗങ്ങൾ 9.1%
കാൻസർ 6%
അസുഖങ്ങളില്ലാത്തവർ 0.8%
കൊവിഡ് മരണം: മൃതദേഹം ബന്ധുക്കളെ കാണിക്കും
തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാത്ത വേദനാജനകമായ സാഹചര്യത്തിന് മാറ്റം. മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരൻ മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് കാണിക്കും. ഇത് സംബന്ധിച്ച് തദ്ദേശവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹത്തിൽ നിന്നും വളരെപ്പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
സംസ്കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആൾക്കാർ മാത്രമേ പങ്കെടുക്കാവൂ. മൃതദേഹങ്ങളിൽ നിന്നുള്ള അണുബാധ തടയാൻ വളരെ ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കണം. ഇക്കാര്യം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നേരിട്ട് ഉറപ്പാക്കണം. കൊവിഡ് മരണമുണ്ടായാൽ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാർ മൃതദേഹം ട്രിപ്പിൾ ലെയർ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്കരിക്കേണ്ട സ്ഥലത്തെത്തിക്കും. സംസ്കാര ചടങ്ങുകൾ പൂർത്തിയായതിനുശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം. സംസ്കാരത്തിൽ പങ്കെടുക്കുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൃതദേഹത്തിന്റെ അടുത്ത് നിന്ന് കാണാനോ സംസ്കാരത്തിന് ഒത്തുകൂടാനോ പാടില്ല.
മൃതദേഹത്തിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങൾ വായിക്കാം.
ഒരു കാരണവശാലും മൃതദേഹം സ്പർശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
60 വയസിനു മുകളിൽ പ്രായമുള്ളവർ, 10വയസിൽ താഴെയുള്ളവർ, മറ്റുരോഗങ്ങളുള്ളവർ എന്നിവരെ കാണാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |