ഭോപ്പാൽ : തട്ടിയെടുക്കപ്പെട്ട മൂന്ന് വയസുകാരിയായ കുഞ്ഞിനെ രക്ഷിക്കാൻ ലളിത്പൂരിൽ നിന്നും ഭോപ്പാൽ വരെ നോൺ സ്‌റ്റോപ്പായി ട്രെയിൻ ഓടിച്ച് ഇന്ത്യൻ റെയിൽവേ. കുഞ്ഞിനെ തട്ടിയെടുത്തയാൾ ഈ ട്രെയിനിലാണുണ്ടായിരുന്നത്. എന്നാൽ റെയിൽവേ പൊലീസിന്റെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞു.
ലളിത്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ മറ്റ് സ്‌റ്റോപ്പുകളിൽ എങ്ങും നിറുത്താതെ നേരെ ഭോപ്പാലിൽ നിറുത്തുകയും അവിടെവച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. ലളിത്പൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഇയാൾ കുട്ടിയെ തട്ടിയെടുത്തത്. തുടർന്ന് കുട്ടിയേയും കൊണ്ട് ഭോപ്പാലിലേക്ക് പോകാൻ കിടന്ന രപ്തിസാഗർ എക്സ്പ്രസിലേക്ക് കയറുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബം റെയിൽവേ സ്‌റ്റേഷൻ അധികൃതരെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അല്പം മുന്നേ പുറപ്പെട്ട രപ്തിസാഗർ എക്സ്പ്രസിൽ പ്രതി കുട്ടിയേയും കൊണ്ട് കയറിയതായി ആർ.പി.എഫ് സംഘം കണ്ടെത്തിയത്. ഉടൻ തന്നെ ലളിത്പൂരിൽ നിന്നും വിവരം ഭോപ്പാലിലെ ആർ.പി.എഫ് അധികൃതർക്ക് കൈമാറുകയും ഓപ്പറേറ്റിംഗ് കൺട്രോളിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് മറ്റ് സ്‌റ്റേഷനുകളിൽ നിറുത്തരുത് എന്ന നിർദ്ദേശം ട്രെയിനിന് നൽകി. ഭോപ്പാലിൽ ട്രെയിൽ എത്തിയ ഉടൻ തന്നെ കംപാർട്ട്മെന്റുകളിൽ ഒന്നിൽ നിന്നും പ്രതിയെ ആർ.പി.എഫ്, പൊലീസ് എന്നിവരുടെ വൻ സന്നാഹം ചേർന്ന് പിടികൂടുകയും കുട്ടിയെ രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |