തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പൊതു മത്സരവിഭാഗത്തിൽ നിന്ന് പത്ത് ശതമാനം നീക്കിവയ്ക്കുകയാണുണ്ടായതെന്നും അല്ലാതെ ആരുടെയും സംവരണം ഇല്ലാതായിട്ടില്ലെന്നും, സാമ്പത്തികസംവരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നിലവിലുള്ള സംവരണവിഭാഗങ്ങൾക്ക് അതേ ആനുകൂല്യം തുടരുന്നുണ്ട്. ഒരാളുടെ സംവരണാനുകൂല്യത്തെയും ഇല്ലാതാക്കില്ല. മറിച്ച് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണമുറപ്പാക്കാനും പുതിയ മേഖലകളിൽ അവർക്ക് പ്രാതിനിദ്ധ്യം നൽകാനുമാണ് സർക്കാർ ശ്രമിച്ചതെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ 579ാമത് നിർദ്ദേശമായി രേഖപ്പെടുത്തിയത്, പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽ.ഡി.എഫ് ഉറച്ചുനിൽക്കുന്നുവെന്നാണ്. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും
നടപ്പിൽ വരുത്താൻ ഉചിതമായ ഭരണഘടനാഭേദഗതിക്ക് എൽ.ഡി.എഫ് പരിശ്രമിക്കുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കി. അതായത്, നിലവിലുള്ള സംവരണം അതേപോലെ നിലനിറുത്തുമ്പോൾ തന്നെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നുമാണ് പറഞ്ഞത്. ഇത്തരമൊരു സ്ഥിതിക്ക് ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ ഭരണഘടനാഭേദഗതി കൊണ്ടുവന്നപ്പോൾ കോൺഗ്രസും ഇടതുപക്ഷവുമുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ ബില്ലിനെ പിന്തുണച്ചു. സന്നിഹിതരായിരുന്ന 326
അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇത്. ആ നിയമമാണിപ്പോൾ കേരളത്തിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |