തിരുവനന്തപുരം: 'കോലും കൊണ്ടുവന്ന് പ്രകോപനമുണ്ടാക്കാൻ പലരും ശ്രമിക്കും. അത്തരം പ്രകോപനങ്ങളിൽ വീഴാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കേ, മൈക്ക് കാണുമ്പോൾ ചാനലിൽ ഇരുന്ന് ആവേശംകൊണ്ട് സംസാരിക്കുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം'. ആർ.എസ്.എസ് ബന്ധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. ഇന്നലെ എ.കെ.ജി സെന്ററിൽ പാർട്ടി സംസ്ഥാന കമ്മിറ്റി- ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ഉന്നത നേതാക്കൾ അടക്കം 230ഓളംപേർ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്.
സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കുറ്റപ്പെടുത്താതെ ഒരു ജാഗ്രത നിർദ്ദേശമെന്ന തരത്തിലായിരുന്നു പിണറായിയുടെ അഭിപ്രായ പ്രകടനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പലവിധത്തിലുള്ള പ്രകോപനങ്ങളുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും അതിനെയെല്ലാം ഒറ്രക്കെട്ടായി നേരിടാനും മികവുറ്റ തരത്തിൽ പ്രചാരണം നടത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിലാണ് ചെറിയൊരു വിവാദമുയർന്നതെന്നും വ്യക്തമാക്കി. പാർട്ടിയുടെ പ്രവർത്തനം സംബന്ധിച്ച് വർഷത്തിലൊരിക്കൽ ചേരുന്ന നേതൃയോഗമാണ് ഇന്നലെ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |