തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി ചേർന്ന് ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ പദ്ധതിയിട്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സ്വപ്നയുടെ ഫോണുകൾ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളിൽ ഇതും ഉൾപ്പെടുന്നു.
സർക്കാർ പദ്ധതികളിലും ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷൻ ബിസിനസിലിറക്കാനായിരുന്നു പ്ലാൻ. വിവിധ ഇടപാടുകളിൽ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്കു നൽകി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗൾഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളിൽ നിന്ന് പിടിച്ച ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നൽകിയിരുന്നത്.
ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാർക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.
കെഫോൺ കരാറിലും അവിഹിത ഇടപെടൽ
ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള കെ ഫോൺ പദ്ധതിയിൽ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാർ നൽകിയത്. 1028 കോടിക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദേശം നൽകി. മന്ത്രിസഭ ടെൻഡറിന് പിന്നീട് അനുമതി നൽകി.
ഏഴു വർഷത്തെ പ്രവർത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നാണ് വാദം. എന്നാൽ, ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെൽ ഉൾപ്പെട്ട കൺസോർഷ്യമാണ് കരാർ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എൻ.സി മേനോന്റെ കമ്പനിയും ടെൻഡറിനുണ്ടായിരുന്നു.
സി.ബി.ഐ അന്വേഷിച്ചേക്കും
ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്യും.
അതേസമയം, നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിൻസ് കെ.ഹമീദിനെ (42) ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. യു.എ.ഇയിൽ നിന്ന് നാടുകടത്തിയതോടെ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പത്താം പ്രതി റബിൻസാണ് യു.എ.ഇയിൽ നിന്ന് ഇലക്‌ട്രോണിക്സ് സാധനങ്ങൾക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തിയതിന്റെ സൂത്രധാരൻ. അഞ്ചാം പ്രതിയായ കെ.ടി.റെമീസ്, ആറാം പ്രതിയായ എ.എം.ജലാൽ എന്നിവരുമായി ഗൂഢാലോചന നടത്തി സ്വർണക്കടത്തിനുള്ള പണവും സമാഹരിച്ചു. കേസിൽ റബിൻസിന്റെ പങ്ക് വ്യക്തമായതോടെ എൻ.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ബ്ളൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ റബിൻസിനെ നാടുകടത്തുന്നത് വൈകി.
സ്വർണക്കടത്തിനായി യു.എ.ഇയുടെ വ്യാജ എംബ്ളവും സ്റ്റിക്കറ്റും തയ്യാറാക്കിയ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് യു.എ.ഇ ജയിലിലാണ്. ഇയാളെ വിട്ടുകിട്ടാൻ എൻ.ഐ.എ ശ്രമം നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |