കോട്ടയം: പ്ളാന്റേഷൻ കോർപ്പറേഷൻ, കാർബണേറ്റ് ചെയ്‌ത കശുവണ്ടി പാനീയം 'ഒസിയാന" എന്ന പേരിൽ പുറത്തിറക്കും. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒസിയാന ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി.എസ്. സുനിൽകുമാർ വിപണിയിലിറക്കും. കെ. കുഞ്ഞിരാമൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. ഓൺലൈനായാണ് ചടങ്ങുകൾ.
മലബാർ ഗ്രൂപ്പിലുള്ള 5,500 ഹെക്ടറിൽ നിന്നുള്ള കശുമാങ്ങ ഉപയോഗിച്ചാണ് ഒസിയാന നിർമ്മിക്കുന്നതെന്ന് കോർപ്പറേഷൻ ചെയർമാൻ എ.കെ. ചന്ദ്രനും മാനേജിംഗ് ഡയറക്‌ടർ ബി.പ്രമോദും പത്രസമ്മേളനത്തിൽ പറഞ്ഞു. കശുമാങ്ങയിൽ നിന്ന് ഫെനി, വൈൻ എന്നിവ നിർമ്മിക്കാൻ സംസ്ഥാനത്ത് അനുമതിയില്ലാത്തതിനാലാണ് പുതിയ പാനീയം ഉത്പാദിപ്പിച്ചത്.
പൂർണമായും പ്രകൃതിദത്ത ചേരുവകൾ ചേർത്താണ് നിർമ്മാണം. കാസർകോട് മൂളിയാറിലാണ് യൂണിറ്റ്. 300 മില്ലിക്ക് വില 25 രൂപ. പ്ളാന്റേഷൻ കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾക്ക് പുറമേ ഹോർട്ടികോർപ്പുമായി സഹകരിച്ചും ഒസിയാന വിപണിയിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒസിയാനയ്ക്ക് വിവിധ ഔഷധ ഗുണങ്ങളുണ്ടെന്നും ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |