ചെറുപുഴ: കണ്ണൂരിലെ ചെറുപുഴയിൽ 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ജെ.സി.ബി ഉപയോഗിച്ച് കട പൊളിച്ചുനീക്കിയ ആൽബിൻ മാത്യു എന്ന യുവാവിന്റെ വാർത്ത ഏവരുടെയും ശ്രദ്ധയാകർഷിച്ചതാണ്. കടയുടമ തന്റെ വിവാഹം മുടക്കിയതിലുള്ള ദേഷ്യം മൂലമാണ് ആൽബിൻ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
എന്നാൽ താൻ കട പൊളിച്ചുനീക്കിയതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആൽബിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കെട്ടിടം പൊളിക്കുന്നതിനു മുൻപെടുത്തതെന്ന് തോന്നിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കടയുടമയായ സോജിയുടെ പേരിൽ മൂന്ന് കൊലപാതക കേസുകളും രണ്ട് പോക്സോ കേസും ഉണ്ടെന്നും കടസാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്നും ആൽബിൻ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. ഇക്കാര്യങ്ങളിൽ പൊലീസ് നടപടി ഉണ്ടാകാത്തതിനാലാണ് താൻ കട പൊളിക്കാൻ പോകുന്നതെന്നും വീഡിയോയിലൂടെ ആൽബിൻ മാത്യു പറയുന്നുണ്ട്.
'കഴിഞ്ഞ 30 വര്‍ഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണ്. മദ്യപാനവുംലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്‌സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതുവരെ പരാതിയില്‍ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാന്‍ പൊളിച്ചു കളയുന്നു'-ആൽബിൻ പറയുന്നു.
ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് . കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ആൽബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |